തലപ്പത്ത് കണ്ണൂർ ത്രയം; കടിഞ്ഞാണേന്തി കണ്ണൂർ ലോബി


സ്വന്തം ലേഖകൻ

കണ്ണൂർ: ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറാകുന്നതോടെ സി.പി.എമ്മിൽ കണ്ണൂർ ലോബി കൂടുതൽ കരുത്താർജ്ജിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എമ്മി‍െൻറ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനും ചേരുമ്പോൾ ഭരണപക്ഷത്തെ മൂന്നു സുപ്രധാന പദവികളും ഇനി കണ്ണൂരിന് സ്വന്തം. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുന്നണി കൺവീനർ എന്നീ മൂന്നു സ്ഥാനങ്ങളിൽ ഒരേസമയം കണ്ണൂരുകാർ വരുന്നതും ഇതാദ്യം.

സംസ്ഥാന ഭരണത്തി‍െൻറ യഥാർഥ 'തലസ്ഥാനം' കണ്ണൂരിന് ഇനി അവകാശപ്പെടാം. രാജ്യത്ത് സി.പി.എമ്മിന് ഏറ്റവും അംഗബലവും സംഘടന ശേഷിയുമുള്ള ജില്ല കണ്ണൂരാണ്. അതിനൊത്ത പദവികൾ പാർട്ടിയിലും ഭരണത്തിലും കൈവരിക്കുന്നത് സ്വാഭാവികമായാണ് പാർട്ടി ഇതിനെ കാണുന്നത്. മൂന്നര പതിറ്റാണ്ടു മുമ്പ് 1986ൽ ബദൽ രേഖ വിവാദത്തിൽ എം.വി. രാഘവനൊപ്പം സി.പി.എമ്മിൽ നിന്ന് പുറത്തുപോയ പി.വി. കുഞ്ഞിക്കണ്ണനുശേഷം കണ്ണൂരിൽ നിന്ന് ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് എത്തുന്ന നേതാവാണ് ഇ.പി. ജയരാജൻ. 1970ൽ അഴീക്കോടൻ രാഘവൻ ഈ ചുമതല ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് ഐക്യമുന്നണിയായിരുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി കണ്ണൂരിൽനിന്നുള്ള പ്രമുഖൻ പി. ശശിയും നിയമിക്കപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രധാന സീറ്റുകളിൽ ഏറെയും കണ്ണൂരുകാരായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം.പി കെ.കെ. രാഗേഷ് ഇപ്പോൾ തന്നെ തലസ്ഥാനത്തുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും കണ്ണൂരുകാരനാണ്. ഇ.പി. ജയരാജ‍െൻറയും പി. ശശിയുടെയും നിയമനത്തോടെ സംസ്ഥാന ഭരണത്തിൽ കണ്ണൂർ ലോബിയുടെ പിടിത്തം കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

Tags:    
News Summary - Kannur trio at the top of kerala government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.