കണ്ണൂര്‍: സർവകലാശാലയിൽ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവര്‍ത്തിച്ച സംഭവത്തിൽ പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റിനോട് അവധിയിൽ പോകാൻ സി.പി.എം നിർദ്ദേശം. സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തിയാണ് പാർട്ടി തീരുമാനം അറിയിച്ചത്. പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു.
ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി.സി തീരുമാനമെടുക്കട്ടേയെന്നുമായിരുന്നു പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 'ചോദ്യപേപ്പർ തയ്യാറാക്കുന്ന കാര്യത്തിൽ യൂനിവേഴ്‌സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷ പേപ്പർ തയ്യാറാക്കുന്നത്. അവർ അയച്ചു നൽകിയ പരീക്ഷ പേപ്പറിൽ ഉണ്ടായ പ്രശ്‌നങ്ങളാണെന്നും വിൻസെന്റ് വ്യക്തമാക്കിയിരുന്നു. ബോട്ടണി, സൈക്കോളജി ചോദ്യപേപ്പറുകളിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു വന്നിരുന്നു.
മലയാളം ചോദ്യപേപ്പറുകളിൽ തന്നെ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെയൊക്കെ അടിസ്ഥാനത്തിലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പി. ജെ വിൻസെന്റ് അറിയിച്ചിരിക്കുന്നത്. മലയാളം ചോദ്യ പേപ്പറിലാണ് ഗുരുതരമായ പിഴവുകൾ ഉണ്ടായിരുന്നത്. ഇതിനെതിരെ ഭാഷാ വിദഗ്ധർ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ചോദ്യപേപ്പറിൽ പിഴവുകൾ വന്നതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സി മാരോട് വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.