കണ്ണൂർ: രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിലുണ്ടാകുമെന്ന് തമിഴ്നാട് കായിക യുവജന ക്ഷേമ മന്ത്രിയും ചലച്ചിത്ര നടനുമായ ഉദയനിധി സ്റ്റാലിൻ. തങ്ങൾക്ക് അനഭിമതരായ സംസ്ഥാനങ്ങളെ കേന്ദ്ര ഭരണകൂടം ഗവർണർമാരെയും ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെയും ഉപയോഗിച്ച് വേട്ടയാടുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും അതാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് യൂനിയൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളനം താവക്കര കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയനിധി.
ഫെഡറൽ തത്ത്വ ലംഘനമാണ് കേന്ദ്രം നടത്തുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് മുൻഗണനയുള്ള തമിഴ്നാട്ടിൽ ബി.ജെ.പിയുടെ തന്ത്രം വിലപ്പോകില്ല. രാഷ്ട്രീയമായി ഒരേപോലെ ചിന്തിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും ഫാഷിസ്റ്റ് ശക്തികൾക്ക് ഒരു സീറ്റു പോലും ലഭിച്ചില്ല. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഈ രണ്ട് സംസ്ഥാനങ്ങളും ബി.ജെ.പിക്ക് സീറ്റൊന്നും നൽകില്ല. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സാംസ്കാരികമായും ഭാഷാപരമായും കേരളവും തമിഴ്നാടും ഏറെ സാമ്യങ്ങളുണ്ട്. താൻ നടത്തിയ പ്രസംഗം ചില മാധ്യമങ്ങൾ തെറ്റായി നൽകിയപ്പോൾ ബി.ജെ.പി അതിനെ ദേശീയതലത്തിൽ വിവാദമാക്കി. ആ സമയത്ത് തനിക്ക് ഫാഷിസ്റ്റുകളിൽനിന്ന് ഭീഷണിയുണ്ടായപ്പോൾ ഏറെ പിന്തുണ നൽകിയ സംസ്ഥാനമാണ് കേരളം. തമിഴ്നാടും കേരളവും തമ്മിൽ ഏറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ബന്ധങ്ങളുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന തന്റെ മുത്തച്ഛൻ കലൈഞ്ജർ കേരളത്തിലെ മുഖ്യമന്ത്രിമാരായ ഇ.കെ. നായനാർ, സി. അച്യുതമേനോൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാടുമായി നല്ല ബന്ധം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദയനിധി സ്റ്റാലിന് സർവകലാശാല യൂനിയൻ ഭാരവാഹികളും വിദ്യാർഥികളും ആവേശകരമായ സ്വീകരണം നൽകി. കണ്ണൂർ യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ ടി.പി. അഖില അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ, വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, പ്രോ വൈസ് ചാൻസലർ എ. സാബു, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എഴുത്തുകാരൻ അശോകൻ ചരുവിൽ, സിൻഡിക്കേറ്റ് അംഗങ്ങളായ സുകന്യ നാരായണൻ, ഡോ. പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ജോബി കെ. ജോസ്, ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റഫീഖ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.എസ്. സഞ്ജീവ് സ്വാഗതവും ജോ. കൺവീനർ സി.വി. വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.
കണ്ണൂർ: ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്ന കണ്ണൂർ യൂനിവേസിറ്റി ആസ്ഥാനത്ത് എസ്.എഫ്.ഐ പ്രവർത്തകർ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയുൾപ്പെടെയുള്ളവരെ മർദിച്ചതായി പരാതി. ജില്ല സെക്രട്ടറി സഫ്വാൻ, യൂനിവേഴ്സിറ്റി കാമ്പസ് ഭാരവാഹി ഷഹബാസ് എന്നിവർക്കാണ് മർദനമേറ്റത്. തലയിലും മുഖത്തും പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"നമ്മുടെ കാമ്പസുകൾ രാഷ്ട്രീയമോ അരാഷ്ട്രീയമോ" എന്ന സെഷനിൽ ഫ്രറ്റേണിറ്റി നേതാക്കളെ പങ്കെടുപ്പിക്കാതിരുന്നതിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ പരിപാടിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് വൈകീട്ട് ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ജില്ല ആക്ടിങ് പ്രസിഡന്റ് കെ.പി. മഷൂദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.