കർണാടകയിലെ ഹിജാബ് നിരോധത്തിനെതിരെ കാന്തപുരം അബൂബക്കർ മുസ്‍ലിയാർ

കർണാടകയിലെ ചില കോളജുകളിൽ ഹിജാബ് ധരിച്ച മുസ്‌ലിം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും മറ്റെല്ലാം ആ അവിഭാജ്യ ആശയത്തിന്റെ കീഴിലാണെന്നും ഭരണാധികാരികൾ മനസിലാക്കാതിരിക്കുന്നത് ഗുരുതര തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ ഈ രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചിലരുടെ മനസിലുള്ളതെന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങൾ. രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മൗലികാവകാശമായി നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നുമുണ്ട്. പഠിക്കാനുള്ള അവകാശവും മതം അനുഷ്ഠിക്കുന്നവർക്ക് നിഷേധിക്കാൻ പാടില്ല. ഹിജാബ് ധരിക്കാനുള്ള മുസ്‌ലിം പെൺകുട്ടികളുടെ അവകാശവും ഭരണഘടന ഉറപ്പുനൽകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വകവച്ച് നൽകുമ്പോൾ എന്ത് പിൻബലത്തിലാണ് ചിലർ നിരന്തരം വർഗീയധ്രുവീകരണം സൃഷ്ടിച്ച് ഇത് നിഷേധിക്കുന്നത്?. 2015ലെ കേരള ഹൈക്കോടതി വിധിയിൽ ഇന്ത്യയെപ്പോലെ വിവിധ ജനവിഭാഗങ്ങളുള്ള രാജ്യത്ത് ഡ്രസ്സ്‌കോഡ് പിന്തുടരാൻ നിർബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ട്.''

ഹിജാബിന് സമാനമായ മറ്റു മതചിഹ്നങ്ങൾക്കും ഭരണഘടനാപരിരക്ഷയുണ്ട്. ഹിജാബും പൊട്ടും സിഖ് മതവിശ്വാസികളുടെ തലപ്പാവും കുരിശുമെല്ലാം നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഉൾകൊള്ളാനും അംഗീകരിക്കാനുമാണ് നമ്മുടെ രാജ്യത്തെ മതേതരത്വം പഠിപ്പിക്കുന്നത്. മറ്റു മതവിഭാഗങ്ങൾക്ക് അവരുടെ ചിഹ്നം ധരിക്കാമെന്നിരിക്കെ മുസ്‌ലിംകളെ മാത്രം ലക്ഷ്യമിടുന്നത് ഗൂഢനീക്കങ്ങളുടെ ഭാഗമായേ കാണാൻ കഴിയൂ. ഇത്തരം നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് പിൻമാറണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കർണാടകയിലെ ഹിജാബ് നിരോധത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    
News Summary - Kanthapuram Aboobacker Musliar against the ban on hijab in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.