തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാനുപാതികമാക്കാൻ ഉത്തരവിട്ട ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സച്ചാർ, പാലോളി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികൾ മുസ്ലിം പിന്നാക്കവിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി കാന്തപുരം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസ, സർവിസ് മേഖലകളിൽ മുസ്ലിം പ്രാതിനിധ്യവും ആനുകൂല്യങ്ങളും വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്കോളർഷിപ് പ്രശ്നത്തിൽ സർക്കാർ ചെയ്യേണ്ടത് സർക്കാർ ചെയ്യണം. അതിന് സർക്കാറിനെ പ്രേരിപ്പിക്കുകയും ചെയ്തേ പറ്റൂവെന്ന് പറയുകയുമാണ് തങ്ങളുടെ ലക്ഷ്യം. മാന്യമായ രീതിയിൽ വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നേരേത്തയുള്ളത് കുറഞ്ഞുപോകാതെ കൂട്ടിച്ചേർത്ത് നൽകാനുള്ള പദ്ധതിയാണ് സർക്കാറിനുള്ളതെന്നും അവ ശാശ്വതമായി നിലനിൽക്കാനുള്ള നിയമനിർമാണം ഉൾപ്പെടെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. ജനസംഖ്യാനുപാതികമാക്കുേമ്പാൾ നിലവിലുള്ളത് കുറയുമെന്ന ആശങ്ക പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറഞ്ഞുപോകില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്.
ഏതെങ്കിലും സമൂഹത്തിന് അവശതയുണ്ടെങ്കിൽ അവർക്കുള്ള ആനുകൂല്യം പ്രത്യേകമായി നൽകണം. മുസ്ലിംസമുദായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് മുസ്ലിംസമുദായത്തിന് ലഭിക്കണം. ഇതിന് വിഘാതമായ ഹൈകോടതി വിധിക്കെതിരെ ആവശ്യമായ നിയമനടപടികൾ വേണം. വിധിയിൽ പിഴവുണ്ടെന്ന് സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അപ്പീലിന് സാധ്യതയുമുണ്ട്. സർക്കാർ അപ്പീലിന് പോകുന്ന ഘട്ടത്തിൽ സംഘടനയും ആവശ്യമെന്ന് കണ്ടാൽ നിയമപരമായ മാർഗം സ്വീകരിക്കും. വിഷയത്തിൽ സർക്കാറിനെതിരെ പറയാൻ ഭയമില്ല. സർക്കാറിെൻറ മുന്നിൽ പറയുന്നതാണ് ആദ്യഘട്ടം. അത് നടപ്പിൽ വന്നില്ലെങ്കിൽ എന്ത് നിലപാട് എടുക്കണം എന്നത് ആ ഘട്ടത്തിൽ തീരുമാനിക്കും.
സമരത്തിലേക്ക് പോകുന്നതിന് പകരം വിഷയത്തെ വിവേകപൂർവം സമീപിക്കാനാണ് തീരുമാനമെന്നായിരുന്നു വിവിധ മുസ്ലിംസംഘടനകൾ സച്ചാർ സംരക്ഷണസമിതി രൂപവത്കരിച്ച് സമരത്തിലേക്ക് പോകുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ പ്രതികരണം. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സെയ്ഫുദ്ദീൻ ഹാജിയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.