കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് ചരിത്രത്തിലാദ്യമായി ഭരണസാരഥ്യം ആദിവാസി വനിതയിലേക്ക്. തലവച്ചുപാറ കുടിയിലെ മുതുവാൻ സമുദായാംഗം കാന്തി വെള്ളക്കയ്യൻ എന്ന ആദിവാസി വനിതയാണ് ആദിവാസികൾ ഏറെയുള്ള പഞ്ചായത്തിൽ വരുന്ന അഞ്ചുവർഷം പ്രസിഡൻറ്.
കുട്ടമ്പുഴ കല്ലേലിമേട് ആറാംവാർഡിലെ മെംബർ എന്നനിലയിൽ കഴിഞ്ഞ അഞ്ചുവർഷം കാഴ്ചെവച്ച പ്രകടനം എടുത്തുകാട്ടിയാണ് കാന്തി വെള്ളക്കയ്യൻ പട്ടികവർഗ സംവരണ വാർഡായ പൂയംകുട്ടിയിൽ മത്സരിച്ചത്. 76 വോട്ടുകൾക്ക് ജയിച്ചുകയറി എത്തുമ്പോൾ പ്രസിഡൻറ് പദം തേടി എത്തുകയായിരുന്നു.
എൽ.ഡി.എഫിനെ അട്ടിമറിച്ച് യു.ഡി.എഫ് ഭൂരിപക്ഷം നേടുകയും മറ്റ് രണ്ട് സംവരണ വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർഥികൾ തോൽക്കുകയും ചെയ്തതോടെയാണ് പ്രസിഡൻറ്പദം കാന്തിക്ക് അനുകൂലമായി മാറിയത്. 17 ൽ 10 സീറ്റ് നേടിയാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്.
തങ്ങളുടെ ഒരാൾ പ്രസിഡൻറാകുന്നതിെൻറ സന്തോഷത്തിലാണ് ആദിവാസി സമൂഹവും. ആദിവാസി സമൂഹത്തിെൻറയും കുട്ടമ്പുഴ പഞ്ചായത്തിെൻറയും സമഗ്രവികസനത്തിന് നിലകൊള്ളുമെന്ന് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.
യാത്രസൗകര്യങ്ങളും ഫോൺ ബന്ധവും കുറവായ തലവച്ചുപാറയിൽ നിന്ന് താരതമ്യേന മെച്ചപ്പെട്ട സൗകര്യമുള്ള പൂയംകുട്ടിയിലേക്ക് താമസംമാറ്റാൻ ഒരുങ്ങുകയാണ്. വൈസ് പ്രസിഡൻറ് പദം വനിത സംവരണമായതിനാൽ രണ്ട് വനിതകളായിരിക്കും വരുംനാളുകളിൽ കുട്ടമ്പുഴയെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.