പാണാവള്ളി: പാണാവള്ളി ഗ്രാമപഞ്ചായത്തിലെ പുതിയ അംഗങ്ങൾക്ക് കാപികോ റിസോർട്ട് വിഷയം കീറാമുട്ടിയാവും. സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട റിസോർട്ട് സംബന്ധിച്ച് എന്തുനടപടി പഞ്ചായത്ത് എടുക്കണമെന്ന് ആർക്കും അറിയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യം ചർച്ച ചെയ്തുമില്ല.
മരടിൽ നിയമവിരുദ്ധമായി നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയ സാഹചര്യത്തിൽ ഏതുനിമിഷവും വിധിനടപ്പാക്കാൻ പാണാവള്ളിയിൽ സന്നാഹങ്ങൾ എത്തും. ഒരു വർഷത്തിനുമുമ്പ് വിധി നടപ്പാക്കും എന്നായിരുന്നു അറിയിപ്പ്. റിസോർട്ട് സ്ഥിതി ചെയ്യുന്ന നെടിയതുരുത്ത് ദ്വീപ് ഉൾപ്പെടുന്ന പാണാവള്ളി പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചനകൾ സർക്കാർതലത്തിൽ പലത് കഴിഞ്ഞു.
സുപ്രീംകോടതി വിധിയുള്ളതിനാൽ റിസോർട്ട് പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടിവരും.വേമ്പനാട്ടുകായലിലെ നൂറുകണക്കിന് ചെറുദ്വീപുകളിലൊന്നാണ് പെരുമ്പളം ദ്വീപിനും പാണാവള്ളി പഞ്ചായത്തിനും ഇടയിലെ നെടിയതുരുത്ത്. ഇത് പാണാവള്ളി പഞ്ചായത്തിെൻറ പരിധിയിലാണ്.
57 വില്ല, 3500 ചതുരശ്ര മീറ്ററിൽ കോൺഫറൻസ് ഹാൾ, സ്വിമ്മിങ് പൂളുകൾ എന്നിവയായി ദീപുമുഴുവൻ റിസോർട്ട് നിറഞ്ഞുകിടക്കുകയാണ്. തീരദേശ നിയന്ത്രണമേഖല വിജ്ഞാപനങ്ങൾ പാലിക്കാതെ ദ്വീപ് നിവാസികൾക്കും മത്സ്യബന്ധന സംവിധാനങ്ങൾക്കും അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്ത് റിസോർട്ടിന് അനുമതി നൽകിയെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന സി.ആർ.ഇസഡ് -1 വിഭാഗത്തിൽപെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാൽ മുഴുവൻ പ്രദേശവും നോ െഡവലപ്മെൻറ് സോൺ ആണ്. ദ്വീപ് ഉൾപ്പെട്ട മേഖല എഫ്പി (ഫിൽട്രേഷൻ പോണ്ട്) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
റിസോർട്ട് നിർമാണത്തിെൻറ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകൾ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകൾക്ക് തുടക്കം. 2008ൽ ചേർത്തല മുൻസിഫ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് തള്ളിയതോടെ മത്സ്യത്തൊഴിലാളികൾ ഹൈകോടതിയെ സമീപിച്ചു.
2011ൽ ആണ് ജനസമ്പർക്ക സമിതിയുടെ നേതൃത്വത്തിൽ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. 2013ൽ റിസോർട്ട് പൊളിച്ചുമാറ്റാൻ ഹൈകോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014ൽ കാപികോ റിസോർട്ട് ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.