കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതികളിലൊരാളായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താൻ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷൻ സംഘത്തിലെ കൂടത്തായി കുടുക്കിലംമാരം കുന്നംവള്ളി വീട്ടിൽ ശിഹാബിനെയാണ് (37) കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം താമരശ്ശേരി അടിവാരത്തെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്.
അർജുൻ ആയങ്കി വരുന്ന വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽനിന്ന് ക്വട്ടേഷൻ ലഭിച്ചത് പ്രകാരമാണ് താനും സംഘവും കരിപ്പൂരിലെത്തിയതെന്നും അവർ ഹെഡ്ലൈറ്റ് ഓഫാക്കി വേഗത്തിൽ പോയതിനാലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടതെന്നും ഇയാൾ മൊഴി നൽകി. ഈ വാഹനത്തെ പിന്തുടർന്ന് പോയ സംഘത്തിൽ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിെൻറ വാഹനം അപകടത്തിൽപെട്ടാണ് അഞ്ചുപേർ മരിച്ചത്.
താമരശ്ശേരി സംഘത്തിൽപെട്ട അബ്ദുൽ നാസറിനെ അഞ്ച് ദിവസം മുമ്പ് പിടികൂടിയതിനെ തുടർന്ന് ശിഹാബ് ഒളിവിൽ പോയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ വയനാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൂടത്തായിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ശിഹാബിനെ ചോദ്യം ചെയ്തതോടെ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും വാഹനങ്ങളെയും കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായം ചെയ്യുന്നവരെയും നിരീക്ഷിച്ചു വരുകയാണ്.
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് രണ്ടാമതും ചോദ്യം ചെയ്ത് വിട്ടു. വ്യാഴാഴ്ച രാവിലെ 11ന് അഭിഭാഷകനൊപ്പമാണ് എറണാകുളം കസ്റ്റംസ് പ്രിവൻറിവ് ഓഫിസിൽ ഹാജരായത്. അർജുൻ ആയങ്കിക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അറിയില്ലെന്നാണ് അമല നേരേത്ത മൊഴി നൽകിയത്. അറിവുണ്ടായിരുെന്നന്ന് കസ്റ്റംസിന് ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ. അമലയുടെ ഡയറിയിൽ സ്വർണ ഇടപാടുകൾ സംബന്ധിച്ച സൂചനകൾ അന്വേഷണസംഘത്തിെൻറ ശ്രദ്ധയിൽപെട്ടിരുന്നു.
ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇക്കാര്യമാണ് കസ്റ്റംസ് ഉന്നയിച്ചത്. അർജുൻ ആയങ്കി ഫോണിൽ സംസാരിക്കുമ്പോൾ സ്വർണക്കടത്ത് വിവരങ്ങൾ അമല മനസ്സിലാക്കിയതായും പറയുന്നു. അർജുന് സ്വർണത്തിെൻറ ഇടപാട് മാത്രമാണെന്നാണ് താൻ കരുതിയതെന്നും കള്ളക്കടത്താണോ എന്ന് അറിയില്ലെന്നും മൊഴി നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.