തിരുവനന്തപുരം: കരിപ്പൂർ വിമാനദുരന്തത്തിൽപെട്ട യാത്രക്കാരുടെ തുടർചികിത്സ, കോവിഡ് നിരീക്ഷണം രക്ഷാപ്രവർത്തകരുടെ ക്വാറൻറീൻ എന്നീ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക ആരോഗ്യവിഭാഗം രൂപവത്കരിക്കുന്നു.
കൺട്രോൾ റൂം സൗകര്യത്തോടെയാവും പ്രവർത്തനം. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ചികിത്സയും പ്രതിരോധവും ഉറപ്പുവരുത്താനാണ് ക്രമീകരണം.
ആശുപത്രിയിൽ കഴിയുന്നവർക്കൊപ്പം 50 വയസ്സിൽ താഴെയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കൂട്ടിരിപ്പുകാരനെ അനുവദിക്കും. രാഷ്ട്രീയ നേതാക്കൾ, വി.െഎ.പികൾ, സമുദായ നേതാക്കൾ, മാധ്യമങ്ങൾ, സുഹൃത്തുക്കൾ, മറ്റ് ബന്ധുക്കൾ എന്നിവരുടെ സന്ദർശനം അനുവദിക്കില്ല.
സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികൾക്കും ഇൗ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
ആശുപത്രികൾ ഉച്ചക്ക് 12, വൈകീട്ട് നാല്, രാത്രി എട്ട് എന്നിങ്ങനെ മൂന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. രോഗികളുടെ ആരോഗ്യാവസ്ഥയും സാഹചര്യവും മനസ്സിലാക്കി ബന്ധുക്കളുമായി സംസാരിക്കുന്നതിന് വിഡിയോ കോൾ സൗകര്യം ഒരുക്കി നൽകും.
രക്ഷാപ്രവർത്തകർ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ലക്ഷണങ്ങൾ പ്രകടമായാൽ പരിശോധന നടത്തും. ദിവസം രണ്ട് തവണ ആരോഗ്യപ്രവർത്തകർ ഇവരുമായി ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തും. ആശുപത്രിയിൽ കഴിയുന്നവരടക്കം എല്ലാ യാത്രക്കാർക്കും 14 ദിവസ നിരീക്ഷണം ഏർപ്പെടുത്തും. ഇവർക്ക് മാനസിക പിന്തുണ നൽകുന്നതിനും സംവിധാനം ഏർപ്പെടുത്തി.
14 പേരുടെ നില ഗുരുതരം 57 പേർ വീടുകളിലേക്ക് മടങ്ങി
കരിപ്പൂര്: വിമാന ദുരന്തത്തിൽ പരിക്കേറ്റ 14 പേരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നുപേർ ജീവൻരക്ഷ ഉപകരണത്തിെൻറ സഹായത്തോടെയാണ് കഴിയുന്നത്. ചികിത്സയിൽ കഴിയുന്നവരിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് ആസ്റ്റർ മിംസിലും ഇഖ്റയിലും ചികിത്സയിലുള്ള ഓരോരുത്തർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 115 പേർ ചികിത്സയിലുണ്ടെന്ന് മലപ്പുറം ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 57 പേർ വീട്ടിലേക്ക് മടങ്ങി.
കോട്ടക്കൽ അൽമാസ് ആശുപത്രി (രണ്ട്), പെരിന്തൽമണ്ണ അൽഷിഫ (16), മഞ്ചേരി കൊരമ്പയിൽ (ഒന്ന്), മഞ്ചേരി മലബാർ (ഒന്ന്), കോഴിക്കോട് മിംസ് ആശുപത്രി (32), കോട്ടക്കൽ മിംസ് (അഞ്ച്), പെരിന്തൽമണ്ണ മൗലാന (രണ്ട്), കോഴിക്കോട് മൈത്ര ആശുപത്രി (10), കോഴിക്കോട് ബേബി (22), കോഴിക്കോട് ഇഖ്റ (അഞ്ച്), പെരിന്തൽമണ്ണ എം.ഇ.എസ് (മൂന്ന്), കോഴിക്കോട് മെഡിക്കൽ കോളജ് (ഒമ്പത്), കോഴിക്കോട് ബീച്ച് ആശുപത്രി (ഏഴ്) എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം.
കോഴിക്കോട് ജില്ലയിലെ ഏഴ് ആശുപത്രികളിലായി ചികിത്സയിലുള്ള 91 പേരിൽ 20 പേർ കുട്ടികളാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ള എല്ലാവരുടെയും കോവിഡ് പരിശോധനഫലം നെഗറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.