കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിെൻറ ബോയിങ് 737-800 വിമാനം റൺവേയിൽ നിന്ന് തെന്നിമാറാനും രണ്ടായി പിളരാനും ഇടയാക്കിയത് പൈലറ്റിെൻറ മനുഷ്യസഹജമായ പിഴവാകാം. അപകടത്തിന് കാരണം കരിപ്പൂർ വിമാനത്താവളത്തിെൻറ ടേബ്ൾ ടോപ്പ് സ്വഭാവമോ റൺവേയുടെ കുഴപ്പമോ അല്ല. റൺവേയുടെ മധ്യത്തിലിറങ്ങൽ, കാറ്റിെൻറ അനുകൂല ദിശയിലുള്ള ഇറക്കം, എൻജിൻ ഓഫ് ചെയ്യൽ എന്നിവയെല്ലാം അപകട കാരണമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം വെച്ച് വിലയിരുത്താൻ കഴിയുക. എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച റൺവേ 28 ഒഴിവാക്കി എതിർദിശയിലുള്ള റൺവേ 10ൽ ലാൻഡ് ചെയ്തതും എൻജിൻ ഓഫാക്കിയതും അപകട സാധ്യത കൂട്ടി.
വിമാനം കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഇറങ്ങാനായി എത്തിയപ്പോൾ കനത്ത മഴ മൂലം റൺവേ കാണാൻ കഴിഞ്ഞില്ല. ഇത് കാരണമാണ് 20 മിനിറ്റോളം ആകാശത്ത് വട്ടമിട്ട ശേഷം വീണ്ടും ഇറങ്ങിയത്. ഈ സമയത്ത് കനത്ത മഴയോ ശക്തമായ കാറ്റോ ഉണ്ടായിരുന്നില്ല. റൺവേ കാണാനും കുഴപ്പമില്ലായിരുന്നു. 2000 മീറ്റർ ഉയരത്തിൽ നിന്ന് വരെ റൺേവ കാണാമായിരുന്നു. ചില ഘട്ടങ്ങളിൽ 800 മീറ്ററിൽ റൺവേ കണ്ടും വിമാനം ഇറക്കാറുണ്ട്.
വിമാനം ഇറങ്ങുന്നതിന് എതിർദിശയിൽ കാറ്റുവീശുന്ന റൺവേ 28ൽ ലാൻഡിങ് നടത്താനാണ് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) നിർദേശിച്ചത്. ഇതിന് സാധ്യമാകാതെ അനുകൂല ദിശയിൽ കാറ്റ് വീശുന്ന റൺവേ 10ലാണ് വിമാനം ഇറക്കിയത്. വിമാനം ഇറങ്ങേണ്ടുന്ന ടച്ച് ഡൗൺ സോണിൽ (റൺവേയുടെ തുടക്കം) നിന്ന് മുന്നോട്ട് നീങ്ങി (ഓവർ ഷൂട്ട്) മധ്യഭാഗത്തായാണ് ലാൻഡ് ചെയ്തതും. 2996 മീറ്റർ റൺവേയുള്ള കരിപ്പൂരിൽ മധ്യഭാഗത്ത് ഇറങ്ങിയാലും സാധാരണ ഗതിയിൽ ബോയിങ് 737-800 പോലുള്ള വിമാനങ്ങൾ നിർത്താൻ കഴിയും. ബോയിങ് കമ്പനിയുടെ കണക്കനുസരിച്ച് 1600 മീറ്റർ റൺവേയിൽ നന്നായി 737-800 ലാൻഡ് ചെയ്യാം. എന്നാൽ, റൺവേയുെട മധ്യഭാഗത്തായി ഇറങ്ങിയതും കാറ്റ് വിമാനത്തെ മുന്നോട്ടുതള്ളുന്ന വിധം ആയതും എൻജിൻ ഓഫ് ചെയ്തതുമാണ് റൺേവ വിട്ട് മുന്നോട്ടുപോയി ചുറ്റുമതിലിൽ ഇടിക്കാൻ കാരണമായത്.
എൻജിൻ ഓഫ് ചെയ്തത് വിമാനത്തിെൻറ ബ്രേക്കിങ് ശേഷി ഇല്ലാതാക്കി. റൺവേയുടെ മധ്യത്തിൽ ഇറങ്ങിയപ്പോൾ പൈലറ്റ് പരിഭ്രാന്തനായതാകും എൻജിൻ ഓഫ് ചെയ്യാൻ കാരണം. സാധാരണ മോശം കാലാവസ്ഥയാണെങ്കിൽ വിമാനം സമീപ വിമാനത്താവളങ്ങളിലേക്ക് വിടാറുണ്ട്. കൊച്ചിയിലോ കണ്ണൂരോ ലാൻഡ് ചെയ്യാം. ഈ കാര്യത്തിലും എ.ടി.സിയുടെ സഹായത്തോടെ പൈലറ്റാണ് തീരുമാനമെടുക്കേണ്ടത്.
(ഏവിയേഷൻ അനലിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.