കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഏപ്രിൽ 18ന് ആരംഭിക്കും. 18.5 ഏക്കർ ഭൂമിയാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനായി കേന്ദ്രം ആവശ്യപ്പെട്ടത്. പടിഞ്ഞാറ് ഭാഗത്തെ 11 ഏക്കറും കിഴക്ക് വശത്തെ ഏഴര ഏക്കറുമാണ് ഏറ്റെടുക്കുക. ഇതിന് മുന്നോടിയായി 18ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തും.
തുടർന്ന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച സ്കെച്ച് തയാറാക്കും. പിന്നീടാണ് സ്ഥലം ഏറ്റെടുക്കുന്നതിന് സർവേ നമ്പറുകൾ അടക്കം ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക. നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വിമാനത്താവള ഉദ്യോഗസ്ഥരുമായുള്ള ചർച്ച. ഭൂമി വിട്ടുനൽകുന്നവരെ ബോധവത്കരിക്കാൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനും നഷ്ടപരിഹാര പാക്കേജ് വിശദീകരിക്കാനും പദ്ധതിയുണ്ട്. അഞ്ച് മാസത്തിനകം വിജ്ഞാപന നടപടികൾ പൂർത്തീകരിക്കാനാണ് നീക്കം.
വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനാണ് ഭൂമി ഏറ്റെടുത്ത് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടത്. 2023 മാർച്ചിന് മുമ്പ് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നൽകണമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.