മഞ്ചേരി: കരിപ്പൂരിൽ സ്വർണക്കവർച്ച നടത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയത് ടി.ഡി.വൈ എന്ന വാട്സ്ആപ് ഗ്രൂപ് വഴിയെന്ന് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞദിവസം പിടിയിലായ മുഖ്യപ്രതി വാവാട് വേരലാട്ടുപറമ്പത്ത് വീട്ടിൽ സൂഫിയാനാണ് (33) ഗ്രൂപ് അഡ്മിൻ. തുടർന്ന് മറ്റ് പ്രതികളെ ഇതിൽ ചേർത്തെന്നും മഞ്ചേരി കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഗ്രൂപ് വഴിനടന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും പൊലീസിന് ലഭിച്ചു. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി മുഹമ്മദ് ഷഫീഖ് വിദേശത്തുനിന്ന് അനധികൃതമായി കൊണ്ടുവന്ന സ്വർണം കവരലായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ, ഇയാളിൽനിന്ന് അധികൃതർ സ്വർണം പിടികൂടിയതോടെ കവർച്ച ചെയ്യാനായില്ല. സംഭവമറിയാതെ പ്രതികൾ ഷഫീഖ് മറ്റൊരു കാറിൽ പോയെന്ന് ധരിച്ച് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായി അഞ്ചുപേർ മരിച്ചത്. സംഭവത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ദുബൈയിൽനിന്നാണ് സ്വർണം തട്ടിയെടുക്കാൻ ചെർപ്പുളശ്ശേരി സംഘത്തിന് ക്വേട്ടഷൻ നൽകിയത്. സൂഫിയാനുമായി ബന്ധപ്പെടാനായിരുന്നു ഇവർക്കുള്ള നിർദേശം. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘത്തിനിടയിലെ കണ്ണിയായി പ്രവർത്തിച്ചതും രണ്ടുതവണ കോഫെപോസ ചുമത്തി ജയിലിലടക്കപ്പെട്ട സൂഫിയാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.