കരിപ്പൂർ: േകാഴിക്കോട് വിമാനത്താവളത്തിലെ വിമാനദുരന്തത്തിൽ പരിക്കേറ്റവരിൽ അന്തിമനഷ്ടപരിഹാര തുക സംബന്ധിച്ച് ഓഫർ ലെറ്റർ ലഭിച്ചവരോട് ഉടൻ തീരുമാനം അറിയിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ലെറ്റർ സ്വീകരിക്കുന്ന വിഷയത്തിൽ നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അപകടത്തിൽ 165 യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർക്കെല്ലാം ലഭിക്കുന്ന നഷ്ടപരിഹാര തുക ഉൾപ്പെടുത്തി ഓഫർ ലെറ്റർ നൽകിയിരുന്നു. ഇതിനായി പരിക്കേറ്റവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 81 പേർ വാഗ്ദാനം സ്വീകരിച്ച് പണം കൈപ്പറ്റി. ബാക്കിയുള്ള 84 പേർക്കാണ് ഒരു മാസത്തിനകം വിഷയത്തിൽ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് അയച്ചത്.
നൽകാമെന്നറിയിച്ച ഇൻഷുറൻസ് തുകയിൽ തുടർചികിത്സക്കുള്ള പണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഉൾപ്പെടെയാണ് അന്തിമ നഷ്ടപരിഹാരം നൽകുക. തീരുമാനം വൈകുന്നതിനാൽ ചികിത്സ ഇനത്തിൽ ഇരട്ടി തുക നൽകേണ്ടിവരുെമന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്.
നഷ്ടപരിഹാരം സ്വീകരിക്കാത്തവർക്ക് മറ്റു നിയമനടപടികൾ സ്വീകരിക്കാമെന്നും ഇവർ പറയുന്നു. നിലവിൽ ഏഴ് കോടിയോളം ചികിത്സ സഹായമായി നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു. ഇതോടെ, പരിക്കേറ്റ് ചികിത്സ തുടരുന്നവർ സഹായം മുടങ്ങുമെന്ന ആശങ്കയിലാണ്.
ഇവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിവിധ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ഒന്നും ലഭിച്ചില്ല. വിമാന കമ്പനിയുടെ ചികിത്സ ധനസഹായം മാത്രമാണ് ലഭിച്ചത്. ഇതും മുടങ്ങുന്നതോടെ പ്രതിസന്ധിയിലാകുമെന്നാണ് ചികിത്സയിലുള്ളവർ പറയുന്നത്. 2020 ആഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ പൈലറ്റും കോപൈലറ്റും ഉൾപ്പെടെ 21 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.