കണ്ണൂര്‍: പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ ആഹ്വാനം ചെവിക്കൊണ്ട് ഡി.വൈ.എഫ്.ഐയും സി.പി.എം സന്നദ്ധ സംഘടനയും.
ജയരാജൻ ഉപദേശകസമിതി ചെയര്‍മാനായ ഐ.ആര്‍.പി.സി (ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍) ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് കണ്ണൂരിൽ സഹായവുമായി എത്തി. ഡി.വൈ.എഫ്.ഐ വർക്കല സൗത്ത്, നോർത്ത്, ഇടവ കമ്മറ്റികളുടെ നേതൃത്വത്തിൽ ബലി തർപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്കായി സൗജന്യ ആംബുലൻസ് സർവീസും ചുക്കുകാപ്പി വിതരണവും നടത്തി.
കണ്ണൂരിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ പയ്യാമ്പലത്ത് വ്യാഴാഴ്ച ഐ.ആര്‍.പി.സി സഹായകേന്ദ്രം തുറന്നു. ഇവിടെനിന്ന് ലഘുഭക്ഷണവും വെള്ളവും നല്‍കി.
കര്‍ക്കടകവാവുബലി ചടങ്ങുകള്‍ക്ക് സഹായവുമായി ഇറങ്ങണമെന്ന് പി. ജയരാജൻ ഫേസ്ബുക്കിലൂടെ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു. പിതൃസ്മരണയില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധസംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്നും ഇത്തരം ഇടങ്ങള്‍ ഭീകരമുഖങ്ങള്‍ മറച്ചുവെച്ച് സേവനത്തിന്റെ മുഖംമൂടി അണിയുന്നവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നുമായിരുന്നു ജയരാജന്‍ പോസ്റ്റില്‍ പറഞ്ഞത്.
ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചാണ് ഐ.ആർ.പി.സി ഹെല്‍പ്പ് ഡെസ്‌ക് ഇത്തവണ പ്രവര്‍ത്തിച്ചതെന്ന് പി. ജയരാജൻ അറിയിച്ചു. നാല് വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഇവിടത്തെ സേവന പ്രവര്‍ത്തനമെന്നും ഇത്തവണയും ഭംഗിയായി നടത്തിയെന്നും അദ്ദേഹം പറയുന്നു.
എ.കെ.ജി. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ബാലകൃഷ്ണ പൊതുവാള്‍ ആരോഗ്യ സേവനവുമായി അവിടെ എത്തി. അതോടൊപ്പം പിതൃതര്‍പ്പണത്തിനായി അവിടെയെത്തുന്നവര്‍ കടലിലിറങ്ങുമ്പോഴുള്ള കരുതല്‍ നടപടിയുടെ ഭാഗമായി ലൈഫ്ഗാര്‍ഡുമാരുടെ സേവനവും വളണ്ടിയര്‍മാര്‍ ഉറപ്പുവരുത്തിയതായും ജയരാജൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
'ഇത്തരം ക്രിയാത്മക ഇടപെടല്‍ കൂടി വേണമെന്നാണ് അഭ്യര്‍ത്ഥിച്ചത്. ഈ പ്രതികരണം രേഖപ്പെടുത്തുന്നതിനിടയില്‍ തന്നെ സ്ത്രീകളടക്കം നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്. അനുഭവമാണല്ലോ ഏറ്റവും വലിയ അധ്യാപകന്‍. അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയാണ് വേണ്ടത്. ഇന്നാട്ടിൽ പലതരം മത വിശ്വാസികളുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ട്. അവരെല്ലാം തന്നെ മതനിരപേക്ഷമായ ഒരു സമൂഹത്തെ പ്രധാനമായിക്കാണുന്നതുകൊണ്ടാണ് ഇന്നും ഇടതുപക്ഷം കേരളം ഭരിക്കുന്നത്. വ്യക്തിപരമായി ആചാരങ്ങളിലൊ അനുഷ്ടാനങ്ങളിലോ പങ്കെടുക്കാറില്ല. എന്നാൽ വിശ്വാസത്തിന്റെ പേരിൽ മനുഷ്യൻ മറ്റൊരു മനുഷ്യനെ ശത്രു പക്ഷത്തു നിർത്തി ആക്രമിക്കുമ്പോൾ അവിടെ കമ്മുണിസ്റ്റുകാരുണ്ടാവും.
നമ്മുടെ നാടിനെ വർഗീയവാദികൾക്ക് വിട്ടുകൊടുത്തു കൂടാ. മനുഷ്യരുടെ ഒരിടവും മാർക്സിസ്റ്റുകാർക്ക് അന്യമല്ല. ആർ.എസ്.എസ് 1971 ഡിസംബറിൽ തലശ്ശേരിയിൽ വർഗീയ കലാപം ആസൂത്രണം ചെയ്തപ്പോൾ ഞാനടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തകർ അതിനു തടയിടാനായി ദൃഢ നിശ്ചയത്തോടെ പ്രവർത്തിച്ചത് ഇത്തരുണത്തിൽ ഓർക്കുന്നു. അന്യന്റെ വിശ്വാസം സംരക്ഷിക്കാൻ സി.പി.എമ്മിന്റെ നേതാവ് യു.കെ. കുഞ്ഞിരാമൻ തൻറെ ജീവൻ ബലിയർപ്പിച്ചത് ഇക്കാലത്താണ്. വർഗീയത നമ്മുടെ രാജ്യത്തെ വിഴുങ്ങുന്ന ഈ കാലത്ത് നമ്മുടെ പ്രതിരോധം കൂടുതൽ ജനാധിപത്യപരവും ആധുനികവും പക്വതയുള്ളതുമാവണം' -ജയരാജൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.