ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ 137 സീറ്റിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം. കൊട്ടിഘോഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പി 64 സീറ്റിലേക്ക് ഒതുങ്ങി പരാജയത്തിന്റെ രുചിയറിഞ്ഞു.
ന്യൂഡൽഹിയിലെ കോൺഗ്രസ് ദേശീയ ആസ്ഥാനം ഉൾപ്പെടെ രാജ്യത്തുടനീളം പടക്കംപൊട്ടിച്ചും നൃത്തംചവിട്ടിയും ആഹ്ലാദം പങ്കിടുകയാണ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും. അതേസമയം ശ്മശാന മൂകതയിലാണ് ബി.ജെ.പി കേന്ദ്രങ്ങൾ.
ബി.ജെ.പിയും കോൺഗ്രസും ബലാബലം വന്നാൽ കിങ് മേക്കറായേക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ജെ.ഡി.എസ് 19 സീറ്റിലൊതുങ്ങി. നാലിടത്ത് മറ്റുള്ളവരാണ് മുന്നിൽ. പൂർണഫലം പുറത്തുവന്നാൽ നേരിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
കർണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി ബുധനാഴ്ചയായിരുന്നു പോളിങ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ. റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണിത്- 73.19 ശതമാനം.
2018 മേയിൽ 222 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- 78, ബി.ജെ.പി- 104, ജെ.ഡി-എസ്- 37, മറ്റുള്ളവർ-മൂന്ന് എന്നിങ്ങനെയായിരുന്നു സീറ്റ്നില. തെരഞ്ഞെടുപ്പ് നീട്ടിവെച്ച രണ്ടു സീറ്റുകളിൽ 2018 നവംബറിൽ നടന്ന വോട്ടെടുപ്പിൽ ജയിച്ചതോടെ കോൺഗ്രസിന്റെ സീറ്റ് നില 80 ആയി ഉയർന്നിരുന്നു. എന്നാൽ, കുതിരക്കച്ചവടത്തിലൂടെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തിനൊടുവിൽ ബി.ജെ.പി- 120, കോൺഗ്രസ്- 69, ജെ.ഡി-എസ്- 32, സ്വതന്ത്രൻ -ഒന്ന്, ഒഴിഞ്ഞുകിടക്കുന്നത്- രണ്ട് എന്നിങ്ങനെയായി സീറ്റ് നില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.