കർണാടക കടുപ്പിച്ചു; മുത്തങ്ങ വഴി പോകുന്നവർ കോവിഡില്ലെന്ന് ഉറപ്പ് വരുത്തണം

സുൽത്താൻ ബത്തേരി: ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ കർണാടക നിയന്ത്രണം കടുപ്പിച്ചതോടെ മുത്തങ്ങ വഴി പോകുന്നവർ ഇനി കോവിഡില്ലെന്ന് ഉറപ്പു വരുത്തണം. രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് അതിർത്തിയിൽ ആവശ്യപ്പെടുന്നത്. മൂലഹള്ള ചെക്ക് പോസ്റ്റിൽ കർണാടകയുടെ റവന്യൂ, ആരോഗ്യ, പൊലീസ്, സംഘം വിപുലമായ പരിശോധനയാണ് നടത്തുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂവാണ്. മുത്തങ്ങ വഴി നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കർണാടകയിലേക്ക് പോയിരുന്നത്. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശനിയാഴ്ച തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി. കേരള, കർണാടക സർക്കാർ ബസുകളിൽ യാത്രക്കാർ കുറഞ്ഞു.

തമിഴ്നാടും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. താളൂർ, കക്കുണ്ടി, പാട്ടവയൽ എന്നിങ്ങനെ നെന്മേനി പഞ്ചായത്ത് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്. കടുത്ത ചോദ്യം ചെയ്യലിനു ശേഷമേ അങ്ങോട്ട് കടക്കാനാവൂ. ഇങ്ങോട്ട് വരാൻ നിയന്ത്രണമില്ല. സുൽത്താൻ ബത്തേരിയിലെ ആശുപത്രികളിലേക്കും മറ്റുമായി നൂറു കണക്കിനാളുകൾ നീലഗിരി ജില്ലയിൽനിന്നും ഇപ്പോഴും എത്തുന്നുണ്ട്.

Tags:    
News Summary - Karnataka tighten; Those going through Muthanga should make sure that there is no Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.