മലപ്പുറം: നിലമ്പൂർ കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് വനംവകുപ്പ്. മരിച്ച മണിയുടെ ഭാര്യക്ക് വനംവകുപ്പിൽ താത്കാലിക ജോലി നൽകുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. ഭിന്നശേഷിക്കാരിയായ മൂത്ത മകളുടെ ചികിത്സ ചിലവും വനംവകുപ്പ് ഏറ്റെടുക്കും.
ശനിയാഴ്ച രാത്രി ചോലനായ്ക്കർ വിഭാഗത്തിൽപെട്ട കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ക്രിസ്മസ് അവധികഴിഞ്ഞ് മകൾ മീനയെ പട്ടിക വർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി മടങ്ങവേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മണിയുടെ കൂടെ അഞ്ചു വയസുകാരനായ മകനും രണ്ടു മുതിർന്ന ആളുകളും 18 വയസുള്ള രണ്ടുപേരും കൂടെ ഉണ്ടായിരുന്നു.
മകനെ എടുത്തുകൊണ്ടു നടന്നുവരികയായിരുന്ന മണിക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ കൈയിൽ നിന്ന് തെറിച്ചു വീണ അഞ്ചുവയസുകാരനെ കൂടെയുണ്ടായിരുന്ന കണ്ണൻ എന്നയാൾ എടുത്തുകൊണ്ട് ഓടുകയായിരുന്നു. ജീവൻ രക്ഷാർത്ഥം ഉൾവനത്തിൽ ഓടിക്കയറി ഇവർക്ക് തിരിച്ചെത്താനും കഴിഞ്ഞില്ല.
ശനിയാഴ്ച രാത്രി 6.45ന് ആക്രമണം നടന്നെങ്കിലും പുറത്തറിയുന്നത് രാത്രി എട്ടുമണി കഴിഞ്ഞാണ്. മണിയുടെ സഹോദരൻ അയ്യപ്പൻ സ്ഥലത്തെത്തി ഉൾവനത്തിലൂടെ ഒന്നര കിലോമീറ്ററോളം ചുമന്നാണ് വാഹന സൗകര്യമുള്ളിടത്തേക്ക് എത്തിച്ചത്. പിന്നീട് വനപാലകരുടെ സഹായത്തോടെ ജീപ്പിൽ കയറ്റി ചെറുപുഴയിലും അവിടെ നിന്ന് ആംബുലൻസിൽ നിലമ്പൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മണിയുടെ ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.