ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഇ.​ഡി സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ പു​റ​ത്ത്​ കാ​വ​ൽ നി​ൽ​ക്കു​ന്ന സാ​യു​ധ​സേ​നാം​ഗം

കരുവന്നൂർ: അപ്രതീക്ഷിത ഇടപെടലുമായി ഇ.ഡി; ബാങ്കിലും പ്രതികളുടെ വീട്ടിലും നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തു

തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയിൽ ഒടുവിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അപ്രതീക്ഷിത ഇടപെടൽ. 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി അരോപണമുള്ള കരുവന്നൂർ സഹകരണ ബാങ്കിലും കേസിലെ പ്രധാന പ്രതികളുടെ വീടുകളിലും ഇ.ഡി സംഘം മിന്നൽ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ നിരവധി രേഖകൾ കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാവിലെ എട്ടോടെയാണ് ഒരേസമയം എല്ലായിടത്തും പരിശോധന തുടങ്ങിയത്. ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്‍റ് ജിൽസ്, കമീഷൻ ഏജന്‍റ് ബിജോയ് എന്നിവരുടെയും ബാങ്ക് പ്രസിഡന്‍റായിരുന്ന കെ.കെ. ദിവാകരന്‍റെയും വീടുകളിലായിരുന്നു പരിശോധന. ദിവാകരന്‍റെ വീട്ടിൽനിന്ന് വസ്തുക്കളുടെ ആധാരം ഉൾപ്പെടെ കണ്ടെടുത്തു. ഇ.ഡി കൊച്ചി യൂനിറ്റ് എ.സി.പി രത്നകുമാറിന്‍റെ നേതൃത്വത്തിൽ 75 ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്.

ബിനാമി നിക്ഷേപം നടത്തിയതിന്‍റെ രേഖകൾ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. ബാങ്ക് സമയത്തിനു മുമ്പ് എത്തിയതിനാൽ ഇ.ഡി സംഘം ബാങ്ക് സുരക്ഷ ജീവനക്കാരനെ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തുകടന്ന് പരിശോധന തുടങ്ങി. പിന്നീടെത്തിയ ജീവനക്കാരെ ഓരോരുത്തരെയായി മുകൾനിലയിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. അവധിയിലുണ്ടായിരുന്നവരെ ഇ.ഡിയുടെ വാഹനം അയച്ച് വിളിച്ചുവരുത്തി. അപ്രതീക്ഷിത പരിശോധനയിൽ ബാങ്ക് ഇടപാടുകൾക്കെത്തിയവരും വലഞ്ഞു. മണിക്കൂറുകൾ കാത്തുനിന്ന് പലർക്കും മടങ്ങേണ്ടിവന്നു.

300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇതുവരെ ഇ.ഡി അന്വേഷണം നടത്താത്തത് വിവാദമായിരുന്നു. അടുത്ത ദിവസം ഹൈകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം. ചികിത്സക്ക് പണമില്ലാതെ നിക്ഷേപക മരിച്ചതോടെയാണ് വീണ്ടും കരുവന്നൂർ കേസ് സജീവമായത്.

Tags:    
News Summary - Karuvannur bank: Documents were seized during an unexpected ED search at the bank and the house of the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.