കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പരാതിക്കാരനോട് ഹാജരാകാൻ ഇ.ഡി നിര്‍ദേശം

ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഹൈകോടതിയില്‍ പരാതി നല്‍കിയ പൊറത്തിശ്ശേരി സ്വദേശി എം.വി. സുരേഷിനോട് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) നിർദേശം. തിങ്കളാഴ്ച രാവിലെ 10.30ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബാങ്കിലെ സാമ്പത്തിക തിരിമറിക്കെതിരെ ആദ്യം രംഗത്ത് വന്നതും ഹൈകോടതിയെ സമീപിച്ചതും ഇ.ഡിക്ക് പരാതി നല്‍കിയതും മുൻ ജീവനക്കാരൻ കൂടിയായ സുരേഷാണ്. ബാങ്കിന്‍റെ സിവില്‍ സ്റ്റേഷന്‍ എക്‌സ്റ്റന്‍ഷന്‍ ബ്രാഞ്ച് മാനേജരുടെ ചുമതലയുണ്ടായിരുന്ന സുരേഷ് തിരിമറികളെക്കുറിച്ച് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നതായി മുമ്പ് പറഞ്ഞിരുന്നു.

15 വര്‍ഷം സി.പി.എം കണ്ടാരത്തറ ബ്രാഞ്ച് സെക്രട്ടറിയും ഒമ്പത് വര്‍ഷം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. ആ ആത്മവിശ്വാസത്തിലാണ് അന്ന് ജില്ല സെക്രട്ടറിയായിരുന്ന ബേബി ജോണിന് പരാതി നൽകിയത്. അതില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ ബേബി ജോണ്‍ നിര്‍ദേശം നല്‍കിയെങ്കിലും അന്വേഷണത്തിന് നിയോഗിക്കപ്പെട്ടവർ അത് മുക്കിയെന്ന് സുരേഷ് ആരോപിച്ചിരുന്നു. പരാതി നല്‍കിയ ശേഷം കള്ളക്കേസില്‍ കുടുക്കി ജോലിയില്‍നിന്ന് പുറത്താക്കിയെന്നും സുരേഷ് കുറ്റപ്പെടുത്തി. ഇതിനെതിരായ കേസ് ഇപ്പോഴും കോടതിയിലാണ്.

തട്ടിപ്പിനെപ്പറ്റി 2019 ജനുവരി 16നാണ് ഹൈകോടതിയില്‍ പരാതി നല്‍കിയത്. സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ബാങ്കിലെത്തി അന്വേഷിച്ചത്. ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി കൊച്ചിയിലെ ഓഫിസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളില്‍നിന്നാണ് സി.കെ. ചന്ദ്രന് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡിക്ക് വിവരം ലഭിച്ചത്. ഇതില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്തത്.

തട്ടിപ്പ് നടക്കുന്ന സമയത്ത് ബാങ്കിന്‍റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത് ചന്ദ്രനെയാണ്. ആ സമയത്ത് അദ്ദേഹത്തിന്‍റെ ഭാര്യയായിരുന്നു ബാങ്കിന്‍റെ മാനേജര്‍. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായിരുന്ന സുനില്‍കുമാറുമായി ചേര്‍ന്ന് തട്ടിപ്പിന് കൂട്ടുനിന്നു എന്നതാണ് ചന്ദ്രനെതിരായ പ്രധാന പരാതി.

Tags:    
News Summary - Karuvannur Bank Fraud: complainant gets ED notice to appear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.