മുൻ എം.പി പി.കെ. ബിജു കരു​വന്നൂർ സഹകരണ ബാങ്ക്​ തട്ടിപ്പ്​ കേസിൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ കൊച്ചിയിലെ ഇ.ഡി ഓഫിസിൽ എത്തിയപ്പോൾ

കരുവന്നൂർ ബാങ്ക്​ തട്ടിപ്പ്​: പി.കെ. ബിജുവിനെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക്​ തട്ടിപ്പ്​ കേസിൽ സി.പി.എം സംസ്ഥാന സെക്ര​ട്ടേറിയറ്റ്​ അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്​.

ഇന്ന് പി.കെ. ബിജുവിനെ എട്ട്​ മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ്​ ബിജു കൊച്ചിയിലെ ഇ.ഡി ഓഫിസിലെത്തിയത്​. വൈകീട്ട്​ ഏഴോടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയെന്നാണ്​ ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ബിജു മാധ്യമങ്ങളോട്​ പറഞ്ഞത്.

ബിജുവിന്​ കേസിലെ മുഖ്യപ്രതി സതീഷ്കുമാർ 2020ൽ അഞ്ചുലക്ഷം രൂപ നൽകിയതായി കേസിൽ നേരത്തേ അറസ്റ്റിലായ സി.പി.എം നേതാവ്​ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ ബിജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്​.

കേസിൽ കൂടുതൽ സി.പി.എം നേതാക്കളെ ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ്​ ബിജുവിന്​ നോട്ടീസ്​ അയച്ചത്​. ഇതോടൊപ്പം തൃശൂർ കോർപറേഷനിലെ സി.പി.എം കൗൺസിലറും സി.പി.എം തൃശൂർ ജില്ല സെക്ര​ട്ടേറിയറ്റ്​ അംഗവുമായ പി.കെ. ഷാജനും​ വെള്ളിയാഴ്ച ഹാജരാകാൻ​ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​​. ബാങ്ക്​ തട്ടിപ്പ്​ അന്വേഷിക്കാൻ സി.പി.എം നിയോഗിച്ച സമിതിയിലെ അംഗങ്ങളായിരുന്നു​ ഇരുവരും. സമിതിയുടെ കണ്ടെത്തൽ, കേസിലെ പ്രതികളുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ്​ ബിജുവിൽനിന്ന്​ ഇ.ഡി ​പ്രധാനമായും തേടിയത്​.

സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന്​ വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയിട്ടുണ്ട്​. ഈ മാസം മൂന്നിന്​ ഹാജരാകാൻ നോട്ടീസ്​ നൽകിയെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ്​ നടക്കുന്ന 26നു ശേഷം ഹാജരാകാമെന്നാണ്​ വർഗീസ്​ അറിയിച്ചത്​. ഇത്​ തള്ളിയാണ് ഇ.ഡി പുതിയ നോട്ടീസ്​ നൽകിയത്​.

Tags:    
News Summary - Karuvannur Bank Fraud: ED will question again P.K. Biju; Must appear on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.