തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സുനിൽ കുമാർ ബാങ്ക് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി റിമാൻഡ് റിപ്പോർട്ട്. വ്യാജരേഖ ചമച്ചും സോഫ്റ്റ്വെയറിൽ ക്രമക്കേട് വരുത്തിയും തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിൽ അംഗം പോലുമല്ലാത്ത, കേസിലെ മറ്റൊരു പ്രതി കിരണിന് 23 കോടി രൂപയാണ് വായ്പ നൽകിയത്. ബാങ്ക് സെക്രട്ടറിയുടെ അറിവും ഇടപെടലും മൂലമാണ് ഇത് നടന്നത്. 50 ലക്ഷം രൂപക്ക് മുകളിലുള്ള 279 വായ്പകളുണ്ട്. ഇതിെൻറ രേഖകൾ അപൂർണമാണ്.
ഭൂമിവില ഉയർത്തിക്കാട്ടി വായ്പ നൽകിയിട്ടുണ്ട്. സുനിൽകുമാർ പല വായ്പകളും അനുവദിച്ചത് ഭരണസമിതി പ്രസിഡൻറിെൻറ ഒപ്പില്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഓൺലൈനായാണ് സുനിൽകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
അതേസമയം, കേസിലെ രണ്ടാംപ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളി.
അന്വേഷണം പ്രാരംഭ ദശയിലാണെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ച കോടതി, നടന്നത് വൻ ക്രമക്കേടാണെന്നും വിലയിരുത്തി. നാടുവിട്ടതായി സംശയിക്കുന്ന നാലാംപ്രതി കിരണിെൻറ ജാമ്യാപേക്ഷയും ജില്ല സെഷൻസ് കോടതിയിലെത്തി.13ന് പരിഗണിക്കാനായി മാറ്റി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിലുള്ള മറ്റ് പ്രതികളും ഉടൻ പിടിയിലാവുമെന്ന സൂചന അന്വേഷണ സംഘം പങ്കുവെച്ചു.
റിമാൻഡ് റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ
•തട്ടിപ്പുകളുടെ മുഖ്യ ആസൂത്രകനും സൂത്രധാരനും സുനിൽകുമാർ
•വ്യാജ അക്കൗണ്ടുകളിലൂടെ 50 ലക്ഷം രൂപയുടെ 28 വായ്പകൾ നൽകിയത് സുനിൽകുമാറിെൻറ ഇടപെടലോടെ
•ഭരണസമിതിയുടെ അറിവും പ്രസിഡൻറിെൻറ ഒപ്പും ഇല്ലാതെ പലരെയും അംഗങ്ങളാക്കി
•അംഗത്വമില്ലാത്ത കിരണിെൻറ പേരിൽ മാത്രം 46 വായ്പകൾ, ബാധ്യത 33.29 കോടി
•വ്യാജ രേഖയുണ്ടാക്കിയും മതിയായ വിലയില്ലാത്ത വസ്തുവിന് ഉയർന്ന വില കാണിച്ചും കിരൺ എടുത്ത വായ്പ 22.85 കോടി
• വായ്പ തുക കിരണിെൻറയും ഭാര്യ അനുഷ്ക മേനോെൻറയും അക്കൗണ്ടുകളിലേക്ക് മാറ്റിയതിന് പിന്നിൽ സുനിൽകുമാർ
•തേക്കടി റിസോർട്ട്സ്, പെസോ ഇൻഫ്രാസ്ട്രക്ചർ, മൂന്നാർ ലക്ഷ്വറി ഹോട്ടൽസ്, സി.സി.എം ട്രേഡേഴ്സ്, കാട്രിക്സ് ലൂമനൻറ്സ് ആൻഡ് സോളാർ സിസ്റ്റം എന്നീ അഞ്ച് സ്ഥാപനങ്ങളിൽ പ്രതികൾ പണം നിക്ഷേപിച്ചിട്ടുണ്ട്.
കിരൺ ആന്ധ്രയിലെന്ന് സൂചന
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നാടുവിട്ടതായി സംശയിക്കുന്ന ഇടനിലക്കാരൻ കിരൺ ആന്ധ്രയിലെന്ന് സൂചന.
അന്വേഷണ സംഘം ആന്ധ്രയിൽ തിരച്ചിൽ ശക്തമാക്കി. പിടിയിലാവാനുള്ള മറ്റുള്ളവർ തൃശൂരിലും പരിസരങ്ങളിലുമുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ഇരിങ്ങാലക്കുട സ്വദേശിയുടെ റെൻറ് എ കാർ ഉപയോഗിച്ചാണ് കിരൺ ഒളിവിൽ പോയത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ കിരണിെൻറ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് പറയുന്നത്. മുൻ പരിചയത്തിെൻറ അടിസ്ഥാനത്തിലാണ് വാഹനം നൽകിയതത്രെ. ഈ വാഹനം വാളയാറിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വായ്പതട്ടിപ്പിലെ ഇടനിലക്കാരനായ കിരൺ ആണ് കോടികൾ തട്ടിയെടുത്തതെന്നാണ് പറയുന്നത്. കിരണിെൻറ അക്കൗണ്ടിലേക്ക് മാത്രമായി 23 കോടി എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സുനിൽ കുമാറിെൻറ ഹരജി ഹൈകോടതി തള്ളി
കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ ഒന്നാം പ്രതി ടി.ആർ. സുനിൽ കുമാറിെൻറ മുൻകൂർ ജാമ്യഹരജി ഹൈകോടതി തള്ളി.
സുനിൽ കുമാർ അറസ്റ്റിലായ വിവരം അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് ഹരജി തള്ളിയത്.
അതേസമയം, ഒന്നാം പ്രതിക്കൊപ്പം കേസിലെ മറ്റൊരു പ്രതി എ.കെ. ജിജോയ് നൽകിയ മുൻകൂർ ജാമ്യഹരജി സെപ്റ്റംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. ഇൗ ഹരജിയിൽ അഡീഷനൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് കോടതി വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.