തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ ഭൂമി ഇടപാടുകൾ കണ്ടെത്താന്‍ നടപടി തുടങ്ങി. വിശദാംശങ്ങള്‍ തേടി രജിസ്ട്രേഷന് ഐ.ജിക്ക് അന്വേഷണ സംഘം കത്ത് നല്കി. കേസിലെ മുഖ്യപ്രതി കിരണിെൻറ ഫ്ലാറ്റിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തു.
പ്രതികളുടെയും ബന്ധുക്കളുടെയും പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഭൂമിയിടപാട് സംബന്ധിച്ച വിവരങ്ങളാണ് ആരാഞ്ഞത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ഭൂമി വാങ്ങിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളുടെ പേരിലും ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും വസ്തുക്കള്‍ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം സംശയിക്കുന്നു. അത് ഏതെല്ലാമാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രതികളുടെ സ്വത്ത് വിലയിരുത്താൻ കൂടിയാണ് ഈ നടപടി.
റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് പണം വ്യാപകമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും ബിനാമി ഇടപാടുകൾ സംശയിക്കുന്നവരുടെയും പേരിലുള്ള എല്ലാ വസ്തുക്കളുടെയും വിവരങ്ങൾ ശേഖരിക്കും. പ്രതികളുടെ ഉടമസ്ഥതയിൽ തേക്കടിയിലെ റിസോർട്ടും ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത മൂന്ന് കമ്പനികളും കൊച്ചിയിലെ മെഡിക്കൽ കമ്പനി ഉൾപ്പെടെയുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നടത്തിയ പരിശോധനകളിൽ മറ്റ് ചില ഇടപാട് രേഖകൾ കൂടി ലഭിച്ചതിൽ പരിശോധന തുടരുകയാണ്. നൂറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. മറ്റ് ക്രമക്കേടുകളുമൊക്കെയായി ഇത് മുന്നൂറ് കോടിയും കടക്കുമെന്നാണ് പറയുന്നത്.
രജിസ്ട്രേഷൻ വകുപ്പിൽനിന്ന് വിശദാംശങ്ങൾ അറിഞ്ഞാലേ നഷ്ടം നികത്താൻ പാകത്തിലുള്ള ആസ്തിയുണ്ടോയെന്ന കാര്യത്തിലുൾപ്പെടെ വ്യക്തത വരൂ. കിരണിെൻറ കാക്കനാട്ടെ ഫ്ലാറ്റിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.
കിരണിന് കൂടുതൽ നിക്ഷേപമുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. നിരവധി കമ്പനികൾ തുടങ്ങിയതിെൻറ രേഖകൾ ഫ്ലാറ്റിൽനിന്ന് പിടിച്ചെടുത്തു. ബാങ്കിൽ കിരണിന് മാത്രം 33.29ൽ അധികം കോടിയുടെ ബാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 46 വായ്പകളിൽ നിന്നുള്ള തുകകളും പോയത് കിരണിെൻറ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിരുന്നു. കിരൺ സംസ്ഥാനത്തിന് പുറത്തുകടന്നിട്ടുണ്ടെങ്കിലും രാജ്യം വിട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ.
അതിനിടെ, കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളും ബാങ്ക് ഭരണസമിതിക്കെതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. എല്ലാ ഇടപാടുകളും നടന്നത് ഭരണസമിതിയുടെ അറിവോടുകൂടിയാണെന്ന് പ്രതികള്‍ അറിയിച്ചത്. ബാങ്ക് തട്ടിപ്പിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും കേസിൽ പ്രതികളാകാനുള്ള സാധ്യതയും വർധിച്ചു. കഴിഞ്ഞദിവസം സഹകരണ വകുപ്പിലെ ജോ.
രജിസ്ട്രാർ ഉൾപ്പെടെ 16 പേരെയാണ് കൂട്ടത്തോടെ സസ്പെൻഡ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ബിജോയിയും റെജി എം. അനിലും ഉടൻ കീഴടങ്ങുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.