കരുവന്നൂർ: പാർട്ടി ബന്ധമുള്ള നിക്ഷേപകരുടെ പണം നൽകിയെന്ന്​ മുൻ ബ്രാഞ്ച്​ സെക്രട്ടറി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി.പി.എമ്മിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഗുരുതര ആരോപണങ്ങൾ. സി.പി.എം ബന്ധമുള്ളവർക്ക് നിക്ഷേപിച്ച തുക മുഴുവൻ നൽകിയെന്നും ഇതാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയതെന്നും സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചു.

മുൻ മന്ത്രി എ.സി. മൊയ്തീനും സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗമായ സി.കെ. ചന്ദ്രനും എതിരെയാണ് സുജേഷിന്‍റെ ആരോപണം.

ബാങ്കിന്‍റെ മുൻ പ്രസിഡന്‍റ് കെ.കെ. ദിവാകരന്‍റെ മരുമകൻ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. ഇത് സാധാരണക്കാരായ മറ്റ് നിക്ഷേപകരുടെ പ്രതിസന്ധി ഇരട്ടിയാക്കി. വിഷയത്തില്‍ പാർട്ടിക്ക് പലതവണ പരാതി നൽകിയപ്പോൾ മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍റെ ഇടപെടലുണ്ടായി. അതാണ് തട്ടിപ്പിനെതിരെ പാർട്ടിക്കകത്ത് നടപടി ഉണ്ടാകാതിരിക്കാൻ കാരണമെന്ന് സംശയിക്കുന്നതായി സുജേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കെതിരെ വധഭീഷണി ഉണ്ടായിരുന്നെന്നും അതിനെതിരെ പരാതി കൊടുത്തപ്പോൾ ഒതുക്കിത്തീർത്തത് മൊയ്തീൻ ആണെന്നും സുജേഷ് പറഞ്ഞു. വഴിവിട്ട് നൽകിയ വായ്പകളാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. ഇതിൽ എ.സി. മൊയ്തീനും സി.കെ. ചന്ദ്രനും പങ്കുണ്ട്.

വായ്പ അനുവദിക്കാൻ മൊയ്തീൻ നിർബന്ധിച്ചിരുന്നു. ബാങ്കിലെ പണം റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിർബന്ധിച്ചിരുന്നതായും സുജേഷ് പറയുന്നു. ബാങ്കിലെ പണം ഉപയോഗിച്ച് സ്ഥലം വാങ്ങുകയും കൂടുതൽ വിലയ്ക്ക് മറിച്ചുവിൽക്കുകയും ചെയ്തു -സുജേഷ് ആരോപിച്ചു.

കരുവന്നൂർ ബാങ്ക് ഉൾപ്പെടുന്ന മാടായിക്കോണം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുജേഷ്. ബാങ്കിൽ തട്ടിപ്പ് നടത്തിയവർക്കെതിരെ അന്ന് തെളിവുകളോടെ ആരോപണം ഉന്നയിച്ചത് സുജേഷായിരുന്നു. പിന്നീട് ബാങ്കിന് മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും മാധ്യമങ്ങൾക്ക് മുന്നിൽ ഇക്കാര്യങ്ങൾ പറയുകയും ചെയ്തു.

അതോടെ സുജേഷിനെ പാർട്ടി പുറത്താക്കുകയായിരുന്നു. കരുവന്നൂർ ബാങ്കിൽ 30 ലക്ഷം രൂപയോളം നിക്ഷേപം ഉണ്ടായിരുന്ന ഫിലോമിന ചികിത്സക്ക് പണമില്ലാതെ കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെ സമാന അനുഭവമുള്ള നിരവധി പേരാണ് പരാതിയുമായി രംഗത്തുവരുന്നത്.

അതേസമയം, കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് പ്രതികരിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും എ.സി. മൊയ്തീൻ പറഞ്ഞു.

കരുവന്നൂർ ബാങ്കിന് വീണ്ടും പണഞെരുക്കം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും പണഞെരുക്കം. ചികിത്സക്ക് പണം ലഭിക്കാതെ നിക്ഷേപക ഫിലോമിന മരിച്ചതിന് പിന്നാലെ തട്ടിപ്പ് വിവാദം വീണ്ടും സജീവമായതാണ് പ്രശ്നമായത്. ആദ്യത്തെ പ്രതിസന്ധി അയഞ്ഞ് ബാങ്ക് സാധാരണ നിലയിലേക്ക് കടക്കുകയായിരുന്നു. നിക്ഷേപത്തുക ഗഡുക്കളായി തിരിച്ചുനൽകി ആകെ 38.75 ലക്ഷം രൂപയുടെ ബാധ്യത തീർത്ത് സാധാരണ നിലയിലേക്ക് നീങ്ങിയതോടെ പ്രതിഷേധവും നിലച്ചിരുന്നു.

ഇതിനിടെയാണ് ഫിലോമിനയുടെ മരണവും അതുയർത്തിയ പ്രശ്നങ്ങളും. ഇതിന് പിന്നാലെ, ചികിത്സക്ക് പണം ചോദിച്ചിട്ടും കിട്ടിയില്ലെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത്തരത്തിൽ നൂറോളം അപേക്ഷ ബാങ്കിൽ എത്തി. നിലവിൽ 10,000 രൂപ നാല് മാസത്തിലൊരിക്കൽ ടോക്കൺ നൽകി അനുവദിച്ചാണ് നീങ്ങുന്നത്. നിത്യവൃത്തിക്കും മരുന്നിനും കാശില്ലാതെ നിരവധി നിക്ഷേപകർ ദുരിതം അനുഭവിക്കുന്നുണ്ട്. ഏഴര ലക്ഷത്തിലധികം രൂപ നിക്ഷേപമുള്ള മാപ്രാണം സ്വദേശി പുഷ്പരാജ് ഭാര്യയുടെ കണ്ണ് ശസ്ത്രക്രിയക്ക് തുക പിൻവലിക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ 10,000 രൂപ തരാമെന്നായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രിലിൽ 10,000 കിട്ടി. ആഗസ്റ്റിലാണ് അടുത്ത ഊഴം. ഇത്തരത്തിൽ വഴിമുട്ടിയ നൂറുകണക്കിന് നിക്ഷേപകർ കരുവന്നൂരിലുണ്ട്.

ഇതിനിടെ ബാങ്കിലെ വായ്പ കുടിശ്ശിക പിരിച്ചും സ്വർണപ്പണയ ലേലത്തിലൂടെയും 38 കോടി രൂപ സമാഹരിച്ചാണ് കുറെ നിക്ഷേപകർക്ക് നൽകിയത്. അതേസമയം, സി.പി.എമ്മുമായി അടുപ്പമുള്ളവർക്കും നേതാക്കളുടെ ബന്ധുക്കൾക്കും തടസ്സമില്ലാതെ പണം നൽകിയെന്ന ആരോപണം ഉയർന്നതോടെ പണം തിരിച്ചുകൊടുത്തവരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

സെക്രട്ടറിയെ അനുസരിക്കുകയായിരുന്നു -ജിൽസ്

തൃശൂർ: സെക്രട്ടറിയുടെയും ഭരണസമിതി അംഗങ്ങളുടെയും നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്ന് കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ ഓഫിസർ സി.കെ. ജിൽസ്. ബാങ്കിന്‍റെ മേൽനോട്ടത്തിലുള്ള സൂപ്പർമാർക്കറ്റിന്‍റെ ചുമതലയാണ് 10 വർഷത്തോളം ജിൽസ് വഹിച്ചത്. ബാങ്കിലെ കാര്യങ്ങൾ അറിയില്ലെന്നും സെക്രട്ടറി പറയുന്നതാണ് ചെയ്തതെന്നും ജിൽസ് പ്രതികരിച്ചു. കേസിലെ മൂന്നാം പ്രതിയാണ് ജിൽസ്. കഴിഞ്ഞ 26നാണ് ജാമ്യത്തിലിറങ്ങിയത്.

ബാങ്ക് സെക്രട്ടറിയും ഭരണസമിതി അംഗങ്ങളുമാണ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. അവരുടെ നിർദേശം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്നവരുമായി ബന്ധമില്ല. ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നെങ്കിലും താനൊരു സജീവ പാർട്ടിപ്രവർത്തകനല്ല. ബാങ്കിൽ ക്രമക്കേടുകൾ നടക്കുന്നതായി തോന്നിയിരുന്നില്ല. ഓഡിറ്റ് റിപ്പോർട്ട് കണ്ടിട്ടില്ല. കേസിൽപെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ജിൽസ് പറഞ്ഞു. 

Tags:    
News Summary - Karuvannur bank scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.