തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ സി.പി.എമ്മിനും സർക്കാറിനും തിങ്കളാഴ്ച നിർണായകം. തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി ഒരു വർഷത്തിനുശേഷമാണ് ഹൈകോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കുന്നത്.
നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ എന്ത് ചെയ്യാനാകുമെന്നതും കാലാവധി കഴിഞ്ഞ നിക്ഷേപകരുടെ വിശദാംശങ്ങളും സർക്കാർ ഇന്ന് അറിയിക്കണമെന്ന് കഴിഞ്ഞദിവസം ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് നിർദേശിച്ച സാഹചര്യത്തിൽ അതും പരിഗണിക്കും.
ബാങ്ക് ക്രമക്കേടിൽ ഉന്നത സി.പി.എം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുകയാണെന്ന് ഹൈകോടതിയിൽ ഹരജി നൽകിയ ബാങ്കിലെ മുൻ ജീവനക്കാരൻകൂടിയായ എം.വി. സുരേഷ് പറയുന്നു. 104 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഉന്നത സി.പി.എം നേതാക്കൾ ഇടപെട്ട് അട്ടിമറിക്കുകയാണെന്നും കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കഴിഞ്ഞ വർഷം ജൂലൈ 21ന് സുരേഷ് നൽകിയ ഹരജിയിൽ സർക്കാറും ബാങ്കും സി.ബി.ഐ അന്വേഷണത്തെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതികളെല്ലാവരും അറസ്റ്റിലായതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നിക്ഷേപകർക്ക് പണം നഷ്ടപ്പെടില്ലെന്ന് ബാങ്കും കോടതിയെ അറിയിച്ചു.
എന്നാൽ, വർഷം ഒന്നുകഴിഞ്ഞിട്ടും മുഴുവൻ പ്രതികളും കേസിൽ പ്രതികളായില്ലെന്നും പണം കണ്ടെടുക്കാനുള്ള നടപടിയായിട്ടില്ലെന്നതുമടക്കം നിക്ഷേപകർ രണ്ടാമത് നൽകിയ ഹരജികൂടി ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ഈ ഹരജിയിലാണ് കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപം പിൻവലിക്കാൻ എത്രപേർ അപേക്ഷ നൽകിയെന്നും സർക്കാറിന് ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്നും അറിയിക്കേണ്ടത്. സർക്കാറിന് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും. കഴിഞ്ഞ ദിവസം സഹകരണമന്ത്രി അറിയിച്ച അടിയന്തര സഹായമായ 25 കോടി അനുവദിക്കുന്നതും ഇതുവരെ 38.75 കോടി മടക്കിനൽകിയതും പ്രതികളുടെ വസ്തുക്കൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ തുടങ്ങിയതും സർക്കാർ ഹൈകോടതിയെ അറിയിക്കും.
മന്ത്രി ബിന്ദു ഫിലോമിനയുടെ വീട്ടിൽ; ഖേദം പ്രകടിപ്പിച്ചെന്ന് കുടുംബം
പ്രസ്താവനയിൽ അതൃപ്തിയറിയിച്ച് കുടുംബം
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ആർ. ബിന്ദു. ഫിലോമിനയുടെ ചികിത്സക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്താവനയിൽ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയൽപെടുത്തിയെന്ന് മന്ത്രി അറിയിച്ചതായും ഫിലോമിനയുടെ മകൻ ഡിനോ അറിയിച്ചു.
പ്രസ്താവന വിവാദമായപ്പോഴും പ്രതികരിക്കാതിരുന്ന മന്ത്രി ഞായറാഴ്ച വൈകീട്ട് അപ്രതീക്ഷിതമായിട്ടായിരുന്നു ഫിലോമിനയുടെ വീട്ടിലെത്തിയത്. ഫിലോമിനയുടെ ചികിത്സക്കായി 4.60 ലക്ഷം ബാങ്ക് നല്കി എന്നു പറഞ്ഞത് തെറ്റാണെന്നും ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ബാങ്കിൽനിന്ന് പണമൊന്നും നൽകിയിട്ടില്ലെന്നും ബാങ്ക് പാസ് ബുക്ക് മന്ത്രിക്ക് കൈമാറി ഭർത്താവ് ദേവസിയും മകൻ ഡിനോയും പറഞ്ഞു. ആവശ്യത്തിന് പണം ബാങ്കില്‍നിന്ന് നല്‍കിയെന്ന് താന്‍ പറഞ്ഞത് തന്നെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണെന്ന് മന്ത്രി പറഞ്ഞതായി മകന് ഡിനോ പറഞ്ഞു.
നിക്ഷേപിച്ച പണം എപ്പോള്‍ മടക്കി കിട്ടുമെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം പറഞ്ഞില്ലെന്ന് കുടുംബം പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചതായും ഉടന്‍ 25 കോടി കരുവന്നൂര്‍ ബാങ്കിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മന്ത്രി അറിയിച്ചു. മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.