തൃശൂർ: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപമുയർന്ന ഫിലോമിനയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ. ബിന്ദു. വ്യാഴാഴ്ച തൃശൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് രോഗിക്ക് അത്യാവശ്യം പണം നൽകിയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി മന്ത്രി ആർ. ബിന്ദു പറഞ്ഞത്.
'ദേവസിയുടെയും ഫിലോമിനയുടെയും കുടുംബത്തിന് അടുത്ത കാലത്തായി ആവശ്യത്തിന് പണം നൽകിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ സർക്കാർ മെഡിക്കൽ കോളജിലുണ്ട്. അടുത്തിടെ ഒരു ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച തുക നൽകിയിരുന്നു. മരണം ദാരുണമാണ്. എന്നാൽ, അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സന്ദർഭമുണ്ടാക്കുന്നത് ശരിയല്ല' -മന്ത്രി പറഞ്ഞു.
എന്നാൽ, മന്ത്രി പറയുന്നത് അവാസ്തവമാണെന്ന് ഫിലോമിനയുടെ ഭർത്താവ് ദേവസിയും മകൻ ഡിനോയും പറഞ്ഞു. കഴിഞ്ഞ 27ന് ഫിലോമിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് ചില്ലിക്കാശ് പോലും ലഭിച്ചില്ലെന്ന് ഇരുവരും പറഞ്ഞു.
ഇന്നലെ, ഫിലോമിനയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ ബാങ്കിന് മുന്നിലെത്തിച്ച് ഭര്‍ത്താവ് ദേവസിയും മകന് ഡിനോയും മറ്റ് കുടുംബാംഗങ്ങളും പ്രതിഷേധിച്ചിരുന്നു. കൂടാതെ, ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിനു മുന്നില്‍ സമരം ആരംഭിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ മാറ്റാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും സമരം തുടർന്നു. ഇരിങ്ങാലക്കുട ആര്.ഡി.ഒ സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരുമായും ബന്ധുക്കളുമായി ചര്‍ച്ച നടത്തി. മരണാനന്തര ചടങ്ങുകൾക്ക് പണം അനുവദിക്കാതെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ഇക്കാര്യം ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ധാരണയിലെത്താമെന്ന് അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.