കരുവന്നൂർ തട്ടിപ്പ്: വേണ്ടത് കൺസോർഷ്യമല്ല, നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാനുള്ള നടപടി -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: 350 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സർവിസ് സഹകരണ ബാങ്കിനെ രക്ഷിക്കാൻ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് ജില്ലയിലെ സംഘങ്ങളിൽ നിന്നും പണം സമാഹരിക്കണമെന്ന സഹകരണ വകുപ്പ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഹകരണ മന്ത്രിക്ക് കത്ത് നൽകി. കാറ്റഗറിക്കനുസരിച്ച് 50 ലക്ഷം രൂപ മുതല്‍ ഒന്നര കോടി രൂപ വരെ നല്കണമെന്നാണ് ജില്ലയിലെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍, അസി. രജിസ്ട്രാര്‍മാര്‍ മുഖേന സഹകരണ ബാങ്കുകളുടേയും സംഘങ്ങളുടേയും പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക തട്ടിപ്പുമൂലം പ്രതിസന്ധിയിലായ 17 സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ നിലവിലുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ തന്നെ പുത്തുര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെയും 49 കോടി രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു സഹകരണ ബാങ്കിന്റെ കാര്യത്തില്‍ മാത്രം പ്രത്യേകമായി കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനുള്ള നീക്കം ദുരുപദിഷ്ടമാണ്.

സര്‍ക്കാറിന്റെ വ്യക്തമായ ഉത്തരവോ, നിര്‍ദ്ദേശമോ ഇല്ലാതെ സഹകരണ വകുപ്പ് നേരിട്ട് കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് ഭാവിയില്‍ പലതരം പ്രതിസന്ധികളുണ്ടാക്കും. പണം നഷ്ടപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങളിലേയും നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - karuvannur bank scam vd satheesans letter to minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.