തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ ഡയറക്ടർമാരിൽനിന്നും മുഖ്യപ്രതികളിൽനിന്നും ഈടാക്കാനുള്ള തുകക്കുള്ള ജപ്തി നടപടികളെ പ്രതിരോധിച്ച് പ്രതികൾ. ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പ് വീട് പൂട്ടി മുൻ ഡയറക്ടർ സ്ഥലം വിട്ടപ്പോൾ കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്നയാൾ നടപടികൾക്ക് സ്റ്റേ ഉത്തരവ് വാങ്ങി. അതിനിടെ, മറ്റൊരു പ്രതിയുടെ വസ്തുക്കൾ വെള്ളിയാഴ്ച ജപ്തി ചെയ്തു. ബാങ്ക് മാനേജരായിരുന്ന ബിജു കരീമിന്റെ വസ്തുക്കളാണ് ജപ്തി ചെയ്തത്. ഉദ്യോഗസ്ഥരെത്തുമ്പോൾ ഇയാൾ വിട്ടിലില്ലായിരുന്നു. മാതാപിതാക്കളാണുണ്ടായിരുന്നത്. എടുക്കാവുന്ന വസ്തുക്കൾ ജപ്തി ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വാഹനങ്ങളും വില പിടിപ്പുള്ള വസ്തുക്കളും മാറ്റിയിരുന്നു. ഇതോടെ മതിയായ തുക വസൂലാക്കാൻ വീട് ജപ്തി ചെയ്യേണ്ടി വരുമെന്നും വീട് ഒഴിയേണ്ടി വരുമെന്നും റവന്യൂ സംഘം മാതാപിതാക്കളെ അറിയിച്ചു.
മുൻ ഡയറക്ടർമാരും പ്രതികളുമായ 22 പേരിൽ നിന്നായി 125.84 കോടി ഈടാക്കാണ് ജപ്തി നടപടികൾ. മുൻ ഭരണസമിതി അംഗം ജോസ് ചക്രംപുള്ളിയുടെ വീട്ടിലാണ് ഉദ്യോഗസ്ഥർ ആദ്യമെത്തിയത്. മാപ്രാണം സെന്ററിലെ വീട് പൂട്ടിയ നിലയിലായിരുന്നു. റവന്യൂ സംഘം ജോസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. പിന്നീട് മുൻ സെക്രട്ടറിയും മുഖ്യപ്രതിയുമായ സുനിൽകുമാറിന്റെ തളിയക്കോണത്തെ വീട്ടിലാണ് എത്തിയത്. എന്നാൽ, ജപ്തി നടപടികൾ തടഞ്ഞുള്ള ഹൈകോടതി ഉത്തരവ് സുനിൽകുമാർ കാണിച്ചു. രണ്ട് മാസത്തേക്ക് നടപടി തടഞ്ഞാണ് ഉത്തരവ്. റവന്യൂ സംഘം ഹൈകോടതിയിൽ ബന്ധപ്പെട്ട് ഉത്തരവിൽ വ്യക്തത വരുത്തി. ഇതോടെ ജപ്തി നടത്താനാവാതെ മടങ്ങി. മറ്റ് പ്രതികളുടെ വീടുകളിലെ ജപ്തി നടപടി അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം തിരിച്ചുപിടിക്കാനുള്ള റവന്യൂ റിക്കവറി പട്ടികയിൽനിന്ന് രണ്ട് മുഖ്യപ്രതികളെ പേരെ ഒഴിവാക്കി. ഇടനിലക്കാരൻ കിരൺ, സൂപ്പർമാർക്കറ്റിന്റെ ചുമതല ഉണ്ടായിരുന്ന റെജി അനിൽ എന്നിവരെയാണ് നഷ്ടപരിഹാരം ഈടാക്കേണ്ടവരുടെ പട്ടികയിൽനിന്ന് സഹകരണ വകുപ്പ് ഒഴിവാക്കിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയ കാലയളവിൽ ഇവർ അനധികൃതമായി മറ്റ് സ്വത്തുക്കളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഒഴിവാക്കിയതെന്ന് പറയുന്നു.
അതേസമയം, സഹകരണ വകുപ്പിന്റെ തന്നെ പ്രാഥമികാന്വേഷണത്തിലും ഇ.ഡി, ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇവർ പ്രധാനപ്രതികളാണ്. ഭരണസമിതി അംഗങ്ങളെ പ്രതിചേർക്കുന്നതിന് മുമ്പുതന്നെ കേസിലുണ്ടായിരുന്ന ആറ് പ്രധാനപ്രതികളിൽ ഒരാളാണ് കിരൺ. ബാങ്കിലെ കമീഷൻ ഏജൻറും ഇടനിലക്കാരനുമായിരുന്നു കിരൺ. 45 അനധികൃത വായ്പകളിലായി 33 കോടിയോളം തട്ടിയെന്നാണ് കിരണിനെതിരെയുള്ള കണ്ടെത്തൽ. ബാങ്ക് സൂപ്പർമാർക്കറ്റിന്റെ ചുമതല ഉണ്ടായിരുന്ന റെജി അനിൽകുമാറും കോടികൾ തട്ടിയെടുത്ത കേസിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.