കൊച്ചി: വായ്പ തട്ടിപ്പിനെ തുടർന്ന് വിവാദമായ കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നത് തൽക്കാലം നിർത്തിവെക്കണമെന്ന് ഹൈകോടതി. അത്യാവശ്യ കാര്യങ്ങൾക്ക് തുക നൽകാം. ഇക്കാര്യം കോടതിയെ അറിയിക്കണം.
ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം. പണം തിരികെ നൽകാൻ വ്യക്തമായ പദ്ധതി വേണം -ജസ്റ്റിസ് ടി.ആർ. രവി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. നിക്ഷേപം തിരികെ ലഭിക്കാൻ തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. നിക്ഷേപം കിട്ടാനുള്ളതും തിരിച്ചടവിന് സ്റ്റേ വാങ്ങിയതും സംബന്ധിച്ച ഹരജികൾ ഒന്നിച്ച് പരിഗണിക്കണമെന്ന് സഹകരണ സ്പെഷൽ ഗവ. പ്ലീഡറും 60 ലക്ഷം മാത്രമാണ് കൈവശം ഉള്ളതെന്ന് ബാങ്കിന്റെ അഭിഭാഷകനും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പണം മടക്കിനൽകുന്നത് നിർത്താൻ നിർദേശിച്ചത്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്ന് സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചു. ബാധ്യത തീർക്കാനുള്ള പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ആസ്തിവകകൾ കേരള ബാങ്കിലോ മറ്റ് സഹകരണ സ്ഥാപനങ്ങളിലോ ഈടുവെച്ച് ഓവർ ഡ്രാഫ്‌റ്റ് ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
284.61 കോടിയുടെ നിക്ഷേപവും 368.01 കോടിയുടെ വായ്പയും നിലവിലുണ്ടെന്ന് ബാങ്കിന്‍റെ അഭിഭാഷകൻ അറിയിച്ചു. പലിശയിനത്തിൽ 110.26 കോടിയാണ് ലഭിക്കാനുള്ളത്. 142 കോടിയുടെ നിക്ഷേപം കാലാവധി പൂർത്തിയായി. ഇതിൽ 30 കോടി തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് നിക്ഷേപകർ എത്തിയിട്ടുള്ളത്. അവർക്ക് രണ്ടോ മൂന്നോ വർഷത്തിനകം പണം തിരികെ നൽകാനാവും.
മുൻഗണനക്രമത്തിലാണ് നൽകുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, ഈ കാലാവധി ദൈർഘ്യമേറിയതാണെന്ന് കോടതി പറഞ്ഞു. പ്രത്യേക പദ്ധതി തയാറാക്കി പണം തിരികെ നൽകണം. ബാങ്കിന്റെ ആസ്തി ഈടുനൽകി പണം തരപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നിർദേശിച്ചു. തുടർന്ന് ഹരജികൾ ആഗസ്റ്റ് 11ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.