തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ സഹകരണ വകുപ്പ് ജീവനക്കാർക്കിടയിൽ കടുത്ത അമർഷം. രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന പരസ്യ പ്രതികരണവുമായി സഹകരണ വകുപ്പ് ഇൻസ്പെക്ടർമാരുടെ സംഘടനയായ സഹകരണ ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
കോൺഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയനും ഇതേ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ കൂട്ട നടപടിയിൽ പ്രതിഷേധിച്ച് സഹകരണ വകുപ്പ് ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. കേസിൽ സഹകരണ വകുപ്പ് ജീവനക്കാരെയും ബാങ്ക് ജീവനക്കാരെയും കരുവാക്കി ഭരണസമിതിയെ രക്ഷിക്കുകയാണെന്നാണ് ആക്ഷേപം.
തട്ടിപ്പിലെ മുഖ്യപ്രതികളായ ബാങ്ക് ജീവനക്കാരടക്കം ആറുപേരെ സസ്പെൻഡ് ചെയ്തിരുന്നു. പരാതി ലഭിച്ചിട്ടും പരിശോധിക്കാതിരിക്കുകയും ക്രമക്കേട് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതിരിക്കുകയും ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് സഹകരണ വകുപ്പിലെ ജോ. രജിസ്ട്രാർ അടക്കം 16 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവരിൽ ചിലരും കേസിൽ പ്രതികളായേക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്തുകയും വകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കുകയുമാണ് ഈ നടപടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കേരള സ്റ്റേറ്റ് സഹകരണ ഇന്‍സ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി.
അതിനിടെ സംസ്ഥാനം വിട്ടുവെന്ന് കരുതുന്ന കേസിലെ നാലാംപ്രതി കിരണിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പുമായി ഒരു ബന്ധവുമില്ലെന്നാണ് കിരൺ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. കമീഷൻ ഏജൻറായ കിരണിെൻറ അക്കൗണ്ടിേലക്കാണ് 46 വായ്പകളിൽനിന്നായി 23 കോടി പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കിരൺ ഉൾെപ്പടെ പിടിയിലാവാനുള്ള മൂന്നുപേർക്കെതിരെ തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.