‘ചന്ദ്രക്കലയോടൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം’; കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ഈദ് ആശംസ കാർഡ് വിവാദത്തിൽ

കാസർകോട്: കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസ കാർഡ് വിവാദത്തിൽ. കറുപ്പ് പശ്ചാത്തലത്തിൽ തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം സി.പി.എം തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം അച്ചടിച്ച കാർഡ് ലോക്സഭ മണ്ഡലത്തിൽ പ്രചരിക്കുകയായിരുന്നു. വിവാദ കാർഡ് ശ്രദ്ധയിൽപ്പെട്ടതോടെ വിതരണം നിർത്തിവെക്കാൻ നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഏഴ് നിയമസഭ മണ്ഡലങ്ങളിലും എത്തിയിരുന്നു.

എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്റെ പേരിൽ 25,000 കാർഡുകളാണ് അച്ചടിച്ചതെന്ന് വിവാദ കാർഡിൽ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനത്തിലേക്ക് അടക്കുമ്പോൾ മേൽക്കൈ നേടാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ആശംസ കാർഡ് ഇറക്കിയത്.

അച്ചടി കഴിഞ്ഞപ്പോൾ തന്നെ കാർഡ് ശ്രദ്ധയിൽപ്പെട്ടെന്നും അതിനാൽ വിതരണം ചെയ്തില്ലെന്നുമാണ് എൽ.ഡി.എഫ് നേതൃത്വം വിശദീകരിക്കുന്നത്. ഈദ് ആശംസ കാർഡ് അച്ചടിച്ചത് പിഴവാണെന്നും പിൻവലിച്ചെന്നും കെ.പി. സതീഷ്ചന്ദ്രൻ വ്യക്തമാക്കി.

ആശംസ കാർഡ് വിവാദത്തിൽ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കളിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഉണ്ണിത്താൻ ആരോപിച്ചു. പാർട്ടിയിൽ ആലോചിച്ച ശേഷം നടപടി സ്വീകരിക്കും. എൽ.ഡി.എഫിന്‍റെ കൈവശം ധാരാളം പണമുണ്ടെന്നും ദുരുപയോഗമാണ് നടക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Kasaragod LDF candidate MV Balakrishnan's Eid greeting card in controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.