കാസർകോട്: മലബാറിലെ ഹയർസെക്കൻഡറി സ്കൂളുകൾക്ക് കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ചതിെൻറ ഭാഗമായി ജില്ലക്ക് 15 സ്കൂളുകളിലായി 37 ബാച്ചുകൾ ലഭിക്കും. രണ്ടായിരത്തോളം സീറ്റുകൾ അധികമായിവരുമെന്ന് ഹയർസെക്കൻഡറി കേന്ദ്രങ്ങൾ പറഞ്ഞു. ജില്ലയിൽ അധികമായി അനുവദിച്ച സ്കൂളുകളിൽ ഏഴ് സ്കൂളുകളിൽ സയൻസും ഹ്യുമാനിറ്റീസ് ആറിടത്തും കൊമോഴ്സ് രണ്ടിടത്തുമാണ് അനുവദിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തിലെ നാല് സർക്കാർ സ്കൂളുകളിലാണ് അധിക ബാച്ച് ഏറ്റവും കൂടുതൽ അനുവദിച്ചത്. മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്. മംഗൽപാടി ജി.എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്, ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്.എസ്. (കൊമേഴ്സ്), കുമ്പള ജി.എച്ച്.എസ്.എസ്(സയൻസ്) എന്നിവിടങ്ങളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്. കാസർകോട് മണ്ഡലത്തിൽ ചെർക്കള സെൻട്രൽ ജി.എച്ച്.എസ്.എസ്, ആലംപാടി ജി.എച്ച്.എസ്.എസ് ഹ്യൂമാനിറ്റീസ്),
നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസ് (സയൻസ്)എന്നിങ്ങനെയും ഉദുമയിൽ അഡുർ ജി.എച്ച്.എസ്.എസ് (ഹ്യൂമാനിറ്റീസ്), ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി (കൊമേഴ്സ്), ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ (സയൻസ്) എന്നിവിടങ്ങളിലും കാഞ്ഞങ്ങാട്ട് മണ്ഡലത്തിൽ കൊട്ടോടി ജി.എച്ച്.എസ്.എസ്.(സയൻസ്), തായന്നൂർ ജി.എച്ച്.എസ്.എസ്(സയൻസ്) എന്നിവിടങ്ങളലും തൃക്കരിപ്പൂരിൽ പെരുമ്പട്ട സി.എച്ച്. മുഹമ്മദ് കോയ ഗവ. ഹയർസെക്കൻഡറി സ്കൂൾ (ഫ്യൂമാനിറ്റീസ്), എളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ജി.എച്ച്.എസ്.എസ്, കുട്ടമ്മത്ത് ജി.എച്ച്.എസ്.എസ്(സയൻസ്) എന്നിവിടങ്ങളിലുമാണ് സീറ്റ് അനുവദിച്ചത്. 37 ബാച്ചുകളാണ് ആകെ അനുവദിച്ചത്. ഇതുവഴി സീറ്റുകളുടെ എണ്ണം രണ്ടായിരത്തോളം വരും.
ജില്ലയിൽ ഇത്തവണ 19,466 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്. പ്ലസ് വൺ, വി.എച്ച്.എസ്.ഇ, പോളിടെക്നിക്, ഐ.ടി.ഐ, കഴിഞ്ഞ വർഷം അനുവദിച്ച ഒരു താൽകാലിക ബാച്ച് അടക്കം ജില്ലയിൽ ആകെ 15,985 സീറ്റുകളാണുള്ളത്. അർഹതയുണ്ടായിട്ടും 3,481 വിദ്യാർഥികൾക്ക് ഇത്തവണ ഉപരിപഠനത്തിന് ജില്ലയിൽ സീറ്റ് ലഭിച്ചില്ല. ഒരു ക്ലാസ്സ് മുറിയിൽ ശരാശരി 40 വിദ്യാർഥികളാണുണ്ടാവേണ്ടത്. എന്നാൽ സർക്കാർ 10 സീറ്റ് വർധിപ്പിച്ച് 50 വിദ്യാർഥികൾ ഉൾപ്പെടുന്നതാണ് നിലവിൽ ഒരു ബാച്ച്.
സീറ്റ് അപര്യാപ്തത പരിഹരിക്കുന്നതിൻ്റെ ഭാഗമായി 30ശതമാനം സീറ്റ് വർധന വരുത്തി സർക്കാർ 60വരെ വിദ്യാർഥികൾ ഒരു ക്ലാസ്സിൽ ഉൾപെടുത്തിയിരുന്നു. നിലവിലെ വർധനയും ജില്ലയെ സംബന്ധിച്ചിടത്തോളം അപര്യാപ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.