കാസർകോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഉത്സവമായ ഓണത്തെ വരവേല്‍ക്കുന്നതിന് 250 കോടിയുടെ അവശ്യസാധനങ്ങളാണ് ഓണ വിപണി ഇടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സപ്ലൈകോ തയാറാക്കിയ ജില്ലതല ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്സവകാലങ്ങളിൽ വിപണി ഇടപെടലുകള്‍ നടത്തി അവശ്യസാധനങ്ങള്‍ ന്യായവിലക്ക് ഗുണമേന്മയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായ രീതിയിലും വിപണിയിലെ കടുത്ത മത്സരം നേരിടത്തക്ക വിധത്തിലുമാണ് സപ്ലൈകോ ജില്ലതല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സംഭരിക്കുന്നത്. ഉത്സവ വിപണിയെ കൂടുതല്‍ കരുത്തുറ്റതും കുറ്റമറ്റതുമാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
1600ഓളം റീട്ടെയില്‍ ഔട്ട്ലറ്റുകളിലായി 4500 ലധികം തൊഴിലാളികളിലൂടെ സമാനതകളില്ലാത്ത മാതൃകയാണ് സപ്ലൈകോയുടേത്. സബ്സിഡി സാധനങ്ങള്‍ വാങ്ങുവാനായി ഒരു മാസം 40 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വിൽപനശാലകളെ ആശ്രയിക്കുന്നു. രാജ്യത്തെങ്ങുമില്ലാത്ത അത്രയും വിപുലവും കാര്യക്ഷമവുമായ പൊതുവിതരണ സംവിധാനവും വിപണി ഇടപെടല്‍ ശൃംഖലയുമുള്ള സംസ്ഥാനമാണ് കേരമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് ആദ്യ വില്പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വരപ്രസാദ് കോട്ടക്കണ്ണി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.എം.എ. കരീം, ബിജു ഉണ്ണിത്താന്, കെ. നീലകണ്ഠന്, എം. വിജയകുമാര്‍ റൈ, കല്ലട്ര മാഹിന്‍ ഹാജി, കെ. പ്രമോദ്, കരീം ചന്തേര, ടി.എസ്.എ. ഗഫൂര്‍, സണ്ണി അരമന, വി.കെ. രമേശ്, കരിവെള്ളൂര്‍ വിജയന്, അബ്ദുൽ റഹ്മാന്, നാഷനല്‍ അബ്ദുല്ല, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജിയനല്‍ മാനേജര്‍ എന്‍. രഘുനാഥ് സ്വാഗതവും ജില്ല സപ്ലൈ ഓഫിസര്‍ എ. സജാദ് നന്ദിയും പറഞ്ഞു.
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡ് സമീപം അയ്യപ്പസ്വാമി ക്ഷേത്ര പരിസരത്ത് സപ്ലൈകോ ഓണം ഫെയർ തുടങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് സമാനമായി ഉപഭോക്തൃ സൗഹൃദ അന്തരീക്ഷത്തിലാണ് ഓണം ഫെയര്‍ . ജർമന്‍ ഹാങ്ങര്‍ സംവിധാനത്തില്‍ മുഴുവനായും ശീതീകരിച്ച സ്റ്റാളുകളാണ് ഓണം ഫെയറിനായി ഒരുക്കിയിരിക്കുന്നത്. ഓണം ഫെയറിലും സപ്ലൈകോയുടെ വിൽപന ശാലകളിലും സബ്സിഡി സാധനങ്ങള്‍ നല്‍കുന്നതിന് പുറമെ, ആഗസ്റ്റ് 28 വരെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ വലിയ ഓഫറുകളോടെ ഉപഭോക്താക്കള്‍ക്കായി സപ്ലൈകോ ഒരുക്കിയിരിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് അഞ്ചിനം ശബരി ഉൽപന്നങ്ങള് സപ്ലൈകോ പുതുതായി വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
കാസർകോട്: ഓണം ഫെയറിൽ നിലവില്‍ സപ്ലൈകോ നല്കുന്ന വിലയെക്കാളും കുറവിൽ വിവിധ ഉൽപന്നങ്ങൾ വാങ്ങാനും കഴിയും. അഞ്ചു മുതല്‍ 50 ശതമാനം വരെ വിലക്കുറവും കൂടുതല്‍ വിറ്റഴിയുന്ന ഉല്പന്നങ്ങളുടെ കോംബോ ഓഫറും ലഭ്യമാണ്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. ആധുനിക സൂപ്പർ മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള ഇന്റീരിയര്‍ സൗകര്യങ്ങളും വിൽപന രീതിയും സപ്ലൈകോ നടത്തുന്ന ഈ വര്‍ഷത്തെ ജില്ല ഓണം ഫെയറിന്റെ പ്രത്യേകതയാണ്. മില്‍മ, കേരഫെഡ്, കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ല ഫെയറുകളില്‍ സ്റ്റാളുകള്‍ക്കുള്ള സൗകര്യവും ഓണം ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ല ഓണം ഫെയറിനു പുറമെ ആഗസ്റ്റ് 23 മുതല്‍ 28 വരെ താലൂക്ക്തല ഫെയറുകളും, നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും സംഘടിപ്പിക്കും. പ്രാദേശിക കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനത്തോടൊപ്പം, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് ഗിഫ്റ്റ് വൗച്ചര്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡുമായി എത്തിയാൽ, ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ഓണത്തിനാവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും വാങ്ങാം.
കാസർകോട്: സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ‘കുത്തി’ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് സപ്ലൈകോയിൽ രണ്ടെടുത്താൽ ഒന്നു ഫ്രീ എന്ന ഓഫർ പരാമർശിച്ച് എം.എൽ.എയുടെ മന്ത്രിക്കു നേരെയുള്ള കമന്റ്.
സപ്ലൈകോയുടെ ഓഫർപോലെ രണ്ടര വർഷം മന്ത്രിയായ അഹമ്മദ് ദേവർകോവിലിന് ഇനി രണ്ടര വർഷംകൂടി മന്ത്രി സ്ഥാനം കിട്ടുമോയെന്നായിരുന്നു എം.എൽ.എയുടെ കമന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.