കാസര്‍കോട്: ജില്ലയിൽ അതിദരിദ്രരായി 2768 പേർ. ഇവരിൽ ഭൂരിഭാഗം പേർക്കും ആധാറോ റേഷൻകാർഡോ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ഒന്നുമില്ല. ജില്ലയിൽ മംഗല്പാടി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതിദരിദ്രരുള്ളത് - 219 പേര്. കാസര്‍കോട് നഗരസഭയില്‍ 143, കാഞ്ഞങ്ങാട് 130, നീലേശ്വരം 56 എന്നിങ്ങനെയാണ് മറ്റ് പ്രധാന തദ്ദേശസ്ഥാപനങ്ങളിലെ കണക്ക്. ആധാര്‍കാര്‍ഡ് ഇല്ലാത്ത 315 പേരാണുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവർ 1107, റേഷന്‍കാര്‍ഡ് ഇല്ലാത്തവർ 386 എന്നിങ്ങനെയും. അതിദരിദ്ര സര്‍വേ റിപ്പോർട്ടിലാണ് ജില്ലയിലെ കണക്കുകൾ. ഒരുരേഖയുമില്ലാത്ത ഇവരിൽ പലരും വോട്ടുചെയ്യാൻ എത്താറുണ്ടോയെന്നതും ആർക്കുമറിയില്ല.
അതിദരിദ്രരായി ആരുമില്ലാത്ത ജില്ലയെന്ന ലക്ഷ്യത്തിന് വിവിധ പ്രവര്‍ത്തനങ്ങൾ ജില്ല ഭരണകൂടം നടപ്പാക്കും. ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം സൂക്ഷ്മ പ്രോജക്ടുകള്‍ തയാറാക്കും. ഇതിനായി പ്രത്യേക ശിൽപശാലകൾ കിലയുടെ സഹായത്തോടെയുള്ള ത്രിതല പഞ്ചായത്ത് തലത്തിലും നഗരസഭകളിലും നടത്തും.
ജില്ലതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, ബ്ലോക്ക്തല റിസോഴ്സ് പേഴ്സൻമാർ, ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ശില്പശാല നടത്തി. അതിദരിദ്രരെ കണ്ടെത്തിയ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വാർഡുതല സമിതി കണ്‍വീനര്‍മാര്‍, അതിദരിദ്രരെ കണ്ടെത്തുന്നതിന് രൂപവത്കരിച്ച കോഓഡിനേഷന്‍ സമിതിയിലെ അംഗങ്ങള്‍, എന്യൂമറേറ്റര്‍മാര്‍, കോഓഡിനേറ്റര്‍മാരായി നിയമിച്ച ജീവനക്കാര്‍ എന്നിവര്‍ക്കുള്ള ശിൽപശാലകളും ആരംഭിച്ചിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ. പ്രദീപനാണ് പദ്ധതിയുടെ നോഡല്‍ ഓഫിസര്‍. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിദരിദ്രരില്ലാത്ത കാസര്‍കോട് എന്നതാണ് ലക്ഷ്യമെന്നും അതോടാപ്പം അവര്‍ക്ക് ആവശ്യമായ എല്ലാവിധ ഉപജീവന സൗകര്യങ്ങളും നല്കി മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും നോഡല്‍ ഓഫിസര്‍ പറഞ്ഞു.
കുടുംബത്തെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ എന്തൊക്കെ പിന്തുണവേണം, അവ ലഭ്യമാക്കുന്നതെങ്ങനെ, എത്രകാലം പിന്തുണ നല്‍കണം, എത്രചെലവ് വരും തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിന് ശില്പശാല സഹായിക്കും.
വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്ക് അടിയന്തര സേവനമായി ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.