കാസർകോട്: ട്രോളിങ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടയെന്ന് അധികൃതർ. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ ട്രോളിങ് നിരോധനം സമാധാനപരവും സംഘര്‍ഷ രഹിതവുമാക്കുന്നതിന് ആവശ്യമായ മുന്നൊരുക്കം ജില്ല കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചർച്ച ചെയ്തു. ട്രോളിങ് നിരോധനം സുഗമമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെ ആവശ്യകത ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജില്ലയിലെ മുഴുവന്‍ മത്സ്യബന്ധന ബോട്ടുകളും ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തില്‍ നിന്നും മാറിനിന്നുകൊണ്ട് നിയമം പാലിക്കണമെന്ന് യോഗം നിർദേശിച്ചു. ഇതരസംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരം വിട്ടുപോകണം. ബോട്ടുകള്‍ക്ക് ഇന്ധനം നല്കുന്ന ബങ്കുകള്‍, ട്രോളിങ് കഴിയുന്നതുവരെ അടച്ചിടാനും നിർദേശം നൽകി.
അശാസ്ത്രീയമായ മത്സ്യബന്ധന രീതികള്‍ ഒഴിവാക്കുന്നതിനും ജുവൈനല്‍ ഫിഷിങ് നടത്തുന്ന മത്സ്യബന്ധന യാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചു. നിർദേശങ്ങൾ ലംഘിക്കുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കും.
ഫിഷറീസ്, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സ്ക്വാഡിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന് നേതൃത്വം നല്‍കും. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി. സതീശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ കാറ്റാടി കുമാരന്, ആര്. ഗംഗാധരന്, ബി.എം. അഷറഫ്, ഫിഷറീസ് ജിവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.