നീലേശ്വരം: കലക്ഷൻ വർധിപ്പിക്കാൻ സ്വകാര്യ ബസുകളുടെ മത്സരയോട്ടം പതിവാകുന്നു. ഇത്തരത്തിലുള്ള മിക്ക ബസുകളുടെ രണ്ട് വാതിലുകളും അടക്കാതെയാണ് സർവിസ് നടത്തുന്നത്.
ബസ് സ്റ്റാൻഡിൽനിന്ന് ബസ് വിട്ടാൽ അടുത്ത സ്റ്റോപ്പിലെത്തി യാത്രക്കാരെ അതിവേഗത്തിൽ കയറ്റുന്നതിനാണ് മിക്ക ബസുകളും വാതിലുകളുണ്ടായിട്ടും അടക്കാതെ സഞ്ചരിക്കുന്നത്. ചില ബസുകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും വാതിൽപടിയിലുള്ള ക്ലീനർ ഉണ്ടാവില്ല. ഇത്തരത്തിലുള്ള ബസുകൾ യാത്രക്കാരെ എളുപ്പത്തിൽ കയറ്റാൻ വാതിൽ തുറന്നിട്ടുതന്നെ സഞ്ചരിക്കും.
ചില ബസുകളിൽ കണ്ടക്ടർ കെട്ടിയ കയർ ഉപയോഗിച്ച് വാതിൽ വലിച്ചടക്കും. യാത്രക്കാരുടെ സുരക്ഷിതത്വമൊന്നും ഇത്തരം ബസ് ജീവനക്കാർക്ക് വിഷയമല്ല. ഇങ്ങനെ ബസിൽനിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും ബസ് വിട്ടാൽ യാത്രക്കാർ അപകടത്തിൽപെടാറുണ്ട്.
രണ്ടു വാതിലുകളും അടക്കാതെ ഓടുന്ന ബസിൽനിന്ന് യാത്രക്കാർ തെറിച്ചുവീഴുന്ന സംഭവങ്ങളും നടക്കാറുണ്ട്. ഇത്തരത്തിൽ ഓടുന്ന സ്വകാര്യ ബസിൽനിന്ന് ഒരു വിദ്യാർഥി നീലേശ്വരത്തുനിന്ന് വീണ സംഭവം വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
നീലേശ്വരത്ത് സ്വകാര്യ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു. നീലേശ്വരം താൽക്കാലിക ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് വിദ്യാർഥിനി കെ.എൽ 79 -1560 നമ്പർ സ്വകാര്യ ബസിൽനിന്നാണ് തെറിച്ചു വീണത്.
അപകട ദൃശ്യങ്ങൾ വൈറലായതോടെയാണ് മോട്ടോർ വാഹനവകുപ്പ് ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശുപാർശ ചെയ്തത്. സ്റ്റേജ് കാരേജ് വാഹനങ്ങളുടെ ഡോർ കൃത്യമായി അടച്ചതിനുശേഷം മാത്രമേ സർവിസ് നടത്താവൂ എന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാർക്കെതിരെ നടപടി.
ഡോർ തുറന്ന് സർവിസ് നടത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി ശക്തമാക്കി. വാതിലുകൾ അടക്കാത്ത ബസുകൾക്കെതിരെ കർശന നിയമ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇത്തരം ബസുകളെ സ്വകാര്യമായി നിരീക്ഷിക്കാനും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.