ബേക്കൽ: നിറയെ പുല്ലുവളർന്ന് കാഴ്ചയുടെ സൗന്ദര്യം ഇല്ലാതായി ബേക്കൽകോട്ട. ഇക്കുറി തിരുവോണത്തിനും നബിദിനത്തിനും ബേക്കൽ കോട്ടയിലെത്തിയവർക്ക് നിരാശയായിരുന്നു ഫലം. കോട്ടക്കകത്ത് കയറിയാൽ നടന്നുതീർക്കുന്ന ദൂരമത്രയും കാഴ്ചയുടെ വിശാലമായ സൗന്ദര്യം കൊണ്ടുതന്നിരുന്നു.
ഇപ്പോൾ അകത്തേക്ക് ടിക്കറ്റ് എടുത്താൽ തലകുനിച്ച് വഴിനോക്കിയാണ് സന്ദർശകർ യാത്രചെയ്യുന്നത്.വഴിയിൽ മുള്ളും വള്ളികളും പടർന്നുപിടിച്ചിരിക്കുന്നു. ചുറ്റും പടർപ്പുകളും കുറ്റിച്ചെടികളും ഉയരത്തിൽ വളർന്നതിനാൽ ആകാശമോ കടലോ കാണാൻ കഴിയാത്ത സ്ഥിതിയാണ്. കോട്ടമതിലിലും കൊത്തളങ്ങളിലും കയറിയാൽ മാത്രമാണ് കാഴ്ചയുള്ളത്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെയും മാധ്യമ പ്രവർത്തകരുടെയും മുഖാമുഖം നടന്നിരുന്നു.
ഇതിൽ പ്രധാനമായും ഉയർന്നത് ബേക്കൽ കോട്ട അനുഭവവേദ്യമാകുന്നില്ല എന്ന പരാതിയാണ്. അനുഭവേദ്യ ടൂറിസത്തിനാണ് ബേക്കലിൽ മുൻഗണന നൽകുന്നതെങ്കിലും അത് സാധ്യമാകുന്നില്ല.
കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കൈവശമാണ്. വൈകീട്ട് അഞ്ചിനു ശേഷം പ്രവേശനവുമില്ല. സൂര്യാസ്തമയത്തിനു ഒരുമണിക്കൂർ മുമ്പ് കോട്ടയുടെ വാതിലുകൾ അടയും. ബേക്കൽ കോട്ട എന്നുകരുതി ആളുകൾ വന്ന് ഏറെയും സമയം ചെലവിടുന്നത് പള്ളിക്കര ബീച്ചിലാണ്.
തീരത്ത് ആഴം കൂടിയതാണ് പള്ളിക്കര ബീച്ചിന്റെ പരിമിതി. കരുതലോടു കൂടി മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ഓണം, നബിദിനം എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ബേക്കലിൽ എത്തിയിരുന്നു. തിരികെ പോകുന്നത് നിരാശയോടെയാണെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.