കാറഡുക്ക: 62ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ക്ഷണിക്കപ്പെടാതെ ഒരതിഥിയെത്തി. ഒടയംചാലിൽനിന്ന് അറിവിന്റെ വാതായനം തുറക്കാൻ ടോപ്ഗിയറിൽവന്ന പുസ്തകവണ്ടി. ഒടയംചാൽ സ്വദേശി നബിനും ജയേഷ് കൊടക്കലുമാണ് ചലിക്കുന്ന വായനശാലയുടെ പിന്നിലെ വളയം പിടിക്കുന്ന പുസ്തകപ്രേമികൾ.
കഴിഞ്ഞതവണ ചായ്യോത്ത് ജില്ല കലോത്സവം നടന്നപ്പോഴും നാട്ടുകാരെ വായനയുടെ ലോകത്തേക്ക് നടത്തിക്കാൻ ഇവരെത്തിയിരുന്നു. ആവശ്യക്കാർ ഏത് പുസ്തകം ആവശ്യപ്പെട്ടാലും അത് നൽകാൻ സജ്ജരാണിവർ. ഇന്ത്യയിലെവിടെനിന്നായാൽപോലും കൊറിയർ വഴിയെങ്കെിലും ലഭ്യമാക്കും.
ആവശ്യക്കാർക്ക് വിദേശത്തേക്കും പുസ്തകങ്ങൾ അയച്ചുകൊടുക്കാനായത് വളരെ സന്തോഷത്തോടെയാണ് ജയേഷും നബിനും പങ്കുവെക്കുന്നത്. ബിരുദം കഴിഞ്ഞ് പല ജോലികളും ചെയ്തെങ്കിലും പുസ്തകത്തോടുള്ള അടങ്ങാത്ത പ്രണയത്തിൽ ഈ മേഖലയിലേക്ക് വരുകയായിരുന്നെന്ന് നബിൻ .
ജയേഷാകട്ടെ പി.ജി എയർലൈൻ ടൂറിസം കഴിഞ്ഞിട്ടുള്ള വരവാണ്. എല്ലാവരിലേക്കും വായനയെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. വലിയ ലാഭമൊന്നും കിട്ടില്ലെങ്കിലും പുസ്തകം ആവശ്യപ്പെട്ടാൽ അത് എത്തിക്കുംവരെ ഇവർക്ക് ഇരിപ്പുറക്കില്ല.
കാടകം ആവശ്യപ്പെടാതെയാണ് ഇവർ കലോത്സവ നഗരിയിലെത്തിയത്.
ഒരു ബുക്സ്റ്റാൾ സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.