കാസർകോട്: ഉപയോഗിക്കുന്ന ജലം സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ജില്ലയിൽ കൂടുതൽ ലാബുകൾ. മൂന്നു ലാബുകൾ ജല അതോറിറ്റിക്കു കീഴിൽ സജ്ജമായി. അതിനുപുറമെ 12 സ്കൂളുകളിൽക്കൂടി ലാബുകൾ തുറക്കും. ജല അതോറിറ്റിയുടെ കീഴില്‍ വിദ്യാനഗറിലെ ജില്ല ലാബിനുപുറമെ പുലിക്കുന്ന്, കാഞ്ഞങ്ങാട്-ചാമുണ്ഡിക്കുന്ന്, എന്നിവിടങ്ങളിലാണ് ഉപജില്ല ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാറഡുക്കയിലെ ബോവിക്കാനത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ബോവിക്കാനത്തെ ലാബിനുമാത്രമാണ് എന്‍.എ.ബി.എല്‍ (ലബോറട്ടറികളുടെ പരിശോധനക്കും കാലിബ്രേഷനുമുള്ള ദേശീയ അക്രഡിറ്റേഷന് ബോര്‍ഡ്) അംഗീകാരം ലഭിക്കാന്‍ ബാക്കിയുള്ളത്.
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് ജില്ലയിലെ 12 സ്കൂളുകളില്‍ ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ ആരംഭിക്കുന്നു. ജില്ലയിലെ വിവിധ കിണറുകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും ശേഖരിച്ച ജല സാംപ്ളുകളുടെ ഗുണനിലവാരം പരിശോധിച്ചതില്‍ ഭൂരിഭാഗം സാമ്പ്ളുകളിലും മാലിന്യമുള്ളതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുത്ത 12 സ്കൂളുകളില്‍ ലാബ് ആരംഭിക്കാന്‍ തീരുമാനിച്ചത്.
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ കിണര്‍ ജലാശയങ്ങളിലെ ജല സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ അതീവ മാലിന്യം നിറഞ്ഞു ഉപയോഗ്യ യോഗ്യമല്ലാത്ത രീതിയിലാണ് കണ്ടെത്തിയിട്ടുള്ളത്. 90 ശതമാനത്തിനു മുകളില്‍ മൂന്നെണ്ണവും 80-90 ശതമാനത്തിനിടയില്‍ മൂന്നെണ്ണവും 60-80 ശതമാനത്തിനിടയില്‍ 12 എണ്ണവും 50 ശതമാനത്തിന് മുകളില്‍ ഏഴെണ്ണവും മലിനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
കെമിസ്ട്രി ലാബുകളുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കെമിസ്ട്രി അധ്യാപകരുടെയും സയന്‍സ് വിദ്യാർഥികളുടെയും സഹായത്തോടെയായിരിക്കും ലാബ് പ്രവര്‍ത്തിക്കുക. ജലഗുണനിലവാര പരിശോധന ലാബ് നിലവില്‍ വരുന്നതോടെ പ്രദേശത്തെ ജലസ്രോതസ്സുകളില്‍ നിന്നുള്ള സാമ്പ്ളുകള്‍ സൗജന്യമായി പരിശോധിച്ച് ഫലം അറിയാനാവും.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ടെൻഡര്‍ നടപടികള്‍ പൂർത്തീകരിച്ച് ലാബുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നവകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് പറഞ്ഞു.
അറിയണം ജലശുദ്ധി
ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും സുസ്ഥിരമായ വികസനത്തിനും അത്യന്താപേക്ഷികമാണ്. വെള്ളത്തിന്റെ നിറമോ മണമോ രുചിഭേദമോ മാത്രം കണക്കിലെടുത്ത് വെള്ളം ശുദ്ധമാണെന്ന് പറയാന്‍ സാധിക്കില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം നിർണയിക്കുന്നത് അതിന്റെ ഭൗതിക, രാസ, ജൈവ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും. ഒരു രാസപരിശേധനയില് കൂടി മാത്രമേ കുടിവെള്ളത്തിലോ അതിന്റെ സ്രോതസ്സിലോ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അളവ് നിർണയിക്കാന്‍ സാധിക്കുകയുള്ളു.
എന്തൊക്കെ പരിശോധിക്കാം
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സ്രോതസുകളിലെ സാമ്പ്ളുകള്ക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ കിണറുകളിലെയും ജലത്തിന്റെ ഗുണനിലവാരം ഇവിടങ്ങളില്‍ പരിശോധിക്കാം. നിറം, ദുര്‍ഗന്ധം, വൈദ്യുത ചാലകത, അസിഡിറ്റി, ക്ഷാരത്വം, സള്‍ഫേറ്റ്, അലിഞ്ഞിരിക്കുന്ന ഖര ദ്രവ്യങ്ങള്‍, ജല കാഠിന്യത, കാല്‍സ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ലൂറൈഡ്, ഇരുമ്പ്, നൈട്രേറ്റ്, അവക്ഷിപ്ത ക്ലോറിന്‍, കോളിഫോം, ഇ-കോളി എന്നിവയാണ് ലാബുകളില്‍ പരിശോധിക്കുന്നത്. പരിശോധനക്ക് ആവശ്യമായ പണം ഓണ്‍ലൈന്‍ ആയി അടച്ച് ജല സാമ്പ്ളുകള്‍ രജിസ്റ്റര്‍ ചെയ്ത് എത്തിക്കണം. ഭൗതിക-രാസ-ബാക്ടീരിയോളജിക്കല്‍ പരിശോധന ഗാര്‍ഹിക ആവശ്യത്തിന് 850 രൂപയും ഗാര്‍ഹികേതര ആവശ്യത്തിന് 2790 രൂപയുമാണ് അടക്കേണ്ടത്.
ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പുവരുത്താന്‍ ജല പരിശോധനാ ലാബുകള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അസി. എന്‍ജിനീയര്‍ ശിവപ്പ നായിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.