കാസർകോട്: സംസ്ഥാനത്തെ തീരദേശ മേഖല വികസനത്തിന്റെ പാതയിലാണെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പ് 54 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കിനാത്തിൽ - തടിയൻ കൊവ്വൽ റോഡ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. തീരദേശത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി ലക്ഷ്യംവെച്ച് മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച് കഴിഞ്ഞ ഏഴ് വർഷമായി ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തിവരുന്നത്.
അതിൽ പ്രധാനപ്പെട്ടതാണ് 2450 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പുനർഗേഹം പദ്ധതി. ആഴക്കടൽ മത്സ്യബന്ധന മേഖലയിലും മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും ആധുനിക യാനങ്ങൾ ലഭ്യമാക്കുന്നതിലും ഉൾപ്പെടെ മത്സ്യബന്ധന മേഖലയിൽ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
ശിലാഫലകം എം. രാജഗോപാലൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റ് പി.ബുഷ്റ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സുമേഷ്, പടന്ന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ.എം. റഫീഖ്, പടന്ന ഗ്രാമ പഞ്ചായത്ത് അംഗം പി.പി. കുഞ്ഞികൃഷ്ണൻ, മുൻ അംഗം കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. ലത സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.