കുണ്ടംകുഴി: മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സി.പി.എമ്മിലും എതിർപ്പ്. പൊതുവികാരം കണക്കിലെടുത്ത് പഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കരുതെന്ന നിലപാട് സി.പി.എം നേതൃത്വം കൈക്കൊണ്ടതോടെ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി നടപ്പാക്കില്ലെന്ന് ഏരിയ സെക്രട്ടറി സി.പി.എം ഫ്രാക്ഷൻ യോഗത്തിൽ വ്യക്തമാക്കിയതോടെ നാട്ടുകാർ പ്രതിഷേധവും നിർത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കെതിരെ ഞായറാഴ്ച വൈകീട്ട് വെള്ളുങ്ങടുക്കം ശ്മശാനം പരിസരത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ വേണ്ടെന്നുവെച്ചു.
സി.പി.എം ഭരിക്കുന്ന ബേഡഡുക്ക പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് കക്കൂസ് മാലിന്യ പ്ലാന്റ് നിർമിക്കാൻ പഞ്ചായത്ത് നീക്കം തുടങ്ങിയത്. ഇതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായി. സി.പി.എമ്മിലും പദ്ധതിക്കെതിരെ അമർഷം ഉണ്ടായി. സി.പി.എം നേതൃത്വത്തോട് ആലോചിക്കാതെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കാൻ മുതിർന്നത്. ഇതാണ് പാർട്ടക്കത്ത് എതിർപ്പിനിടയക്കിയത്.
ജനങ്ങൾക്കിടയിലെ പ്രതിഷേധം കണക്കിലെടുത്ത് ശനിയാഴ്ച വൈകീട്ട് കുണ്ടംകുഴിയിൽ സി.പി.എം പാർട്ടി മെമ്പർമാരുടെ യോഗം വിളിച്ചുചേർക്കുകയായിരുന്നു. ഈ യോഗത്തിൽ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന തീരുമാനമാണ് നേതൃത്വം കൈക്കൊണ്ടത്. സി.പി.എം ഏരിയ സെക്രട്ടറി എം. അനന്തൻ ഇക്കാര്യം അംഗങ്ങളെ അറിയിക്കുകയും ചെയ്തു.
ഇതോടെ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ പദ്ധതി നടക്കില്ലെന്ന സ്ഥിതിയായി. നേതൃത്വത്തിന്റെ നിലപാടിനെ തുടർന്ന് പഞ്ചായത്തും പദ്ധതി നടപ്പാക്കുന്നതിൽനിന്ന് പിൻവാങ്ങി. പഞ്ചായത്ത് നീക്കം ഉപേക്ഷിച്ചതോടെയാണ് ഞായറാഴ്ച വൈകീട്ട് നടക്കേണ്ടിയിരുന്ന പ്രതിഷേധ കൂട്ടായ്മ ഉപേക്ഷിച്ചത്. ജനവാസമുള്ള പ്രദേശത്ത് ആരംഭിച്ചാൽ ജനങ്ങൾക്ക് പ്രയാസമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ഇതിൽ സി.പി.എം പ്രവർത്തകരും ഉൾപ്പെട്ടിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പാർട്ടി ഫ്രാക്ഷൻ വിളിച്ചത്. ഏരിയ സെക്രട്ടറിക്ക് പുറമെ നേതാവ് സി. രാമചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, ഏ. മാധവൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പദ്ധതിക്കെതിരെ ജനങ്ങളുടെ പ്രതിഷേധത്തെക്കുറിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.