കാഞ്ഞങ്ങാട്: സി.പി.ഐ ക്ലബിന്റെ കൈവശമുള്ള അരക്കോടി രൂപ വില കണക്കാക്കുന്ന ഭൂമിയെ ചൊല്ലി മടിക്കൈയിൽ സി.പി.എം- സി.പി.ഐ പോര്. മടിക്കൈ മിനി ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് പണിയാൻ മടിക്കൈ ഗ്രാമപഞ്ചായത്ത് ആലോചിക്കുന്ന കാഞ്ഞിരപ്പൊയിൽ ടൗണിലെ സ്ഥലം കൈയേറി സി.പി.ഐ അനുകൂല ക്ലബ് പ്രവൃത്തികൾ ആരംഭിച്ചെന്ന ആരോപണവുമായി സി.പി.എം പ്രവർത്തകർ രംഗത്തെത്തി.
വര്‍ഷങ്ങളായി റവന്യൂ സ്ഥലം കൈയേറി പ്രവര്‍ത്തിക്കുന്ന ക്ലബിന്റെ മറവിലാണ് കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിയിൽ മണ്ണെത്തിച്ച് ഇവിടെ തള്ളിയതെന്നാണ് പരാതി. വര്‍ഷങ്ങളായി ഇവിടെ രാത്രിയിൽ നിർത്തിയിടുന്ന സ്വകാര്യ ബസുകളെ വിലക്കി ചെങ്കല്ല് ഉപയോഗിച്ച് തടഞ്ഞിട്ടുമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതോടെയാണ് പ്രദേശത്ത് ഭൂരിപക്ഷമുള്ള സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
പരാതിയായതോടെ അമ്പലത്തറ വില്ലേജ് ഓഫിസര്‍ സോബിരാജിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. ക്ലബിന് 10 സെൻറ് ഭൂമി അനുവദിക്കാൻ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ലെന്ന് സി.പി.എം കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി.
ശിപാർശയുടെ മറവിലാണ് സമീപത്തെ 30 സെൻറ് കൂടി കൈയടക്കാൻ നീക്കം നടത്തുന്നതെന്നാണ് ആരോപണം. മലയോരത്തേക്കുള്ള പ്രധാന പാതയായ ചെമ്മട്ടംവയൽ കാലിച്ചാനടുക്കം പാതയോരത്തെ സ്ഥലത്തിന് സെൻറിന് ഒരു ലക്ഷത്തിന് മുകളിൽ വിലയുണ്ട്.
ഹൈസ്കൂൾ, സഹകരണ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ കിഴക്കൻ അതിര്‍ത്തിയിലെ പ്രധാന കേന്ദ്രമാണ് കാഞ്ഞിരപ്പൊയിൽ. സി.പി. എം. ഉടമസ്ഥതയിൽ മടിക്കൈ അമ്പലത്തുകരയിൽ പ്രവര്‍ത്തിക്കുന്ന എ.കെ.ജി ക്ലബിന്റെ മുന്നിൽ ഒരു മുറി കൂട്ടിയെടുക്കുമ്പോഴും സഹകരണ ബാങ്ക് കര്‍ഷകര്‍ക്കുവേണ്ടി സാധനങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനം ഒരുക്കുമ്പോഴും പരാതി ഉയർത്തിയ സി.പി.ഐക്കാരാണ് പട്ടാപ്പകൽ കൈയേറ്റം നടത്തുന്നതെന്നാണ് സി.പി.എം അനുകൂലികളുടെ ആരോപണം.
ക്ലബിനു പിന്നിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് റവന്യൂ ഭൂമിയിലൂടെ വഴിയൊരുക്കാൻ ചിലര്‍ നേരത്തെ ശ്രമിച്ചതായും ആക്ഷേപമുയർത്തിയിട്ടുണ്ട്. ഭൂമി കൈയേറിയെന്ന വാദത്തെ സി.പി.ഐ നേതാക്കൾ എതിർത്തു. സി.പി.എം ക്ലബാണ് സ്ഥലം കൈയേറി കെട്ടിടം പണിതതെന്ന് സി.പി.ഐ കേന്ദ്രങ്ങൾ തിരിച്ചടിച്ചു. കേരളപ്പിറവിക്ക് മുമ്പ് സി.പി.ഐ ക്ലബിന്റെ കൈവശമുള്ളതാണ് ഭൂമി. കെട്ടിട നമ്പർ ഉൾപ്പെടെ ഭൂമിയിലെ ക്ലബിനുണ്ട്.
സ്ഥലം പതിച്ചു കിട്ടാൻ അപേക്ഷ നൽകിയപ്പോൾ അന്നത്തെ ഉദ്യോഗസ്ഥർ സി.പി.എം ക്ലബിന് സ്ഥലം പതിച്ചു നൽകൽ നടപടി വേഗത്തിലാക്കി. സി.പി.ഐയുടെ ഫയൽ വെച്ച് താമസിപ്പിച്ചതാണെന്ന് സി.പി.ഐ നേതാക്കൾ പറഞ്ഞു. മടിക്കൈയിലെ സ്ഥലം കൈയേറ്റ ലിസ്റ്റ് സി.പി.ഐയുടെ കൈവശമുണ്ടെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.