കാസർകോട്: രോഗികളുടെ നില അതി ഗുരുതരാവസ്ഥയിലായതിനുശേഷം മംഗളൂരുവിലേക്കും പരിയാരത്തേക്കും റഫറ് ചെയ്യുന്നത് ഏറിവരുന്നതായും ഇത് രോഗികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നതായും ആക്ഷേപം.
അവഗണന നേരിടുന്ന ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച ആധുനിക സംവിധാനമുള്ള ഒരു ആശുപത്രിപോലും ഇല്ല. സർക്കാറിന്റെ മെഡിക്കൽ കോളജാകട്ടെ 10 വർഷം പിന്നിട്ടിട്ടും പണിപൂർത്തിയാകാതെ ‘ക്ലിനിക്’ ആയി പ്രവർത്തിക്കുന്നു എന്ന നാണക്കേടുമുണ്ട്. വൻകിട വ്യവസായികൾ ജില്ലയിൽ പ്രഖ്യാപിച്ച ആശുപത്രികൾക്കൊന്നും ഇതുവരെ ജീവൻ വെച്ചിട്ടില്ല. ആരംഭിച്ചതിലാകട്ടെ ആധുനിക ചികിത്സ സംവിധാനങ്ങൾ ഒന്നുമില്ല. രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കും പരിയാരത്തേക്കും ആംബുലൻസുകളിൽ കുതിക്കുന്ന കാഴ്ചയാണ് ഇപ്പോഴുമുള്ളത്.ഇതിനിടയിലാണ് രോഗികളുടെ ജീവൻ പണയപ്പെടുത്തി ചില സ്വകാര്യ ആശുപത്രികൾ വരുമാനമുണ്ടാക്കാൻ രോഗികളെ ഐ.സി.യുവിൽ കിടത്തി പരീക്ഷിക്കുന്നത്. ചികിത്സ സംവിധാനം ഇല്ലാതെ എന്തിനാണ് ഇത്തരത്തിൽ രോഗികളുടെ ജീവൻ അപായപ്പെടുത്തുന്നത് എന്ന ചോദ്യമാണ് ജനങ്ങളിൽനിന്നുയരുന്നത്.
രോഗികൾ ഗുരുതരാവസ്ഥയിലായതിനുശേഷമാണ് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ വിളിച്ച് മംഗളൂരുവിലേക്കോ പരിയാരത്തേക്കോ കൊണ്ടുപോകാൻ നിർദേശിക്കുന്നതെന്നാണ് പരാതിയുയരുന്നത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് ജില്ലയിൽ രോഗികളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഒരുപാട് പരാതികളാണ് ദിവസേന ഉയർന്നുവരുന്നത്.
എന്നാൽ, രേഖാമൂലം നൽകുന്ന പരാതിക്കു പോലും നടപടിയുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. അതേസമയം, ചികിത്സ പിഴവുകൾ ചൂണ്ടിക്കാട്ടി രോഗികളുടെ ബന്ധുക്കൾ ബഹളം വെച്ചാൽ അവർക്കെതിരെ കേസെടുക്കാനാണ് പൊലീസും ആശുപത്രി അധികൃതരും ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.