കാസർകോട്: ജില്ലയുടെ മെഡിക്കൽ ഒാക്സിജൻ ക്ഷാമം നേരിടാൻ ആരംഭിച്ച 'സിലിണ്ടർ ചലഞ്ച്' ലക്ഷ്യം കണ്ടു. ജില്ലക്കകത്തും പുറത്തുനിന്നുമായി 422 ഒാക്സിജൻ സിലിണ്ടറുകളാണ് ലഭിച്ചത്. ഇതിനു പുറമെ 3,88,000 രൂപയും ലഭിച്ചു.
ഇതോടെ, ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 370 സിലിണ്ടറുകൾക്കു പുറമെ കൂടുതൽ സിലിണ്ടറുകളിൽ കൂടി ഒാക്സിജൻ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യമായി. ജില്ലപഞ്ചായത്തും ജില്ല കലക്ടറുടെയും ആഭിമുഖ്യത്തിലാണ് ഒാക്സിജൻ സിലിണ്ടർ ചലഞ്ച് തുടങ്ങിയത്. കലക്ടറുടെയും ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറയും മൊബൈൽ ഫോൺ നമ്പർ സഹിതം ഇരുവരുടെയും ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പൊതുജന സഹായം തേടി പോസ്റ്റിട്ടത്. വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം ചേർന്ന് 287 സിലിണ്ടറുകളാണ് നൽകിയത്. മറ്റ് ജില്ലകളില്‍ നിന്ന് സർക്കാർ സഹായമായി 135 സിലിണ്ടറുകളും എത്തിച്ചു. ഇവ ഓക്‌സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി.
20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 3,88,000 രൂപയാണ് ചലഞ്ച് വഴി ലഭിച്ചത്. വിദേശത്ത് കഴിയുന്ന കാസർകോട് ജില്ലയിലുള്ളവരും ചലഞ്ചിൽ പങ്കാളികളായി. മംഗളൂരുവിലെ വിവിധ പ്ലാൻറുകളിൽനിന്നായിരുന്നു ജില്ലക്ക് വേണ്ട മെഡിക്കൽ ഒാക്സിജൻ ഇറക്കുമതി ചെയ്തിരുന്നത്. ഇതര സംസ്ഥാനക്കാർക്ക് ഒാക്സിജൻ നൽകുന്നത് കർണാടക വിലക്കിയതോടെ ജില്ല പ്രതിസന്ധിയിലായി. ആശുപത്രികളിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈയൊഴിയുന്ന സ്ഥിതി വരെയുണ്ടായി.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ജില്ലക്ക് ആവശ്യമായ ഒാക്സിജൻ എത്തിച്ചു. കൂടുതൽ സിലിണ്ടർ ഇല്ലാത്തത് ഒാക്സിജൻ സ്റ്റോക്ക് ചെയ്യുന്നതിന് തടസ്സമായി. ഇങ്ങനെയാണ് ജില്ല ഭരണകൂടം ഒാക്സിജൻ ചലഞ്ച് ആരംഭിച്ചത്. സിലിണ്ടര്‍ ചലഞ്ചിലേക്കായി ജില്ലയിലെ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സിെൻറ നേതൃത്വത്തില്‍ സ്വരൂപിച്ച തുകയുടെ ചെക്ക് ജില്ല സെക്രട്ടറി കെ.ഭാര്‍ഗവിക്കുട്ടി ജില്ല കലക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലപഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് കഴിഞ്ഞദിവസം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.