കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ അധ്യാപികക്കുനേരെ വധഭീഷണി ഉയർത്തിയ സംഭവത്തിൽ വനിത കമീഷെൻറ തുടർ നടപടി ഹൈകോടതി തടഞ്ഞു. സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ഡീനും ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വകുപ്പ് മേധാവിയുമായ പ്രഫ. ഡോ. കെ. ജയപ്രസാദിനെതിരെയുള്ള നടപടിയാണ് ജസ്റ്റിസ് എൻ. നഗരേഷ് സ്റ്റേ ചെയ്തത്. ഇതേ വകുപ്പിലെ അസി. പ്രഫസർ ഡോ. ഉമാപുരുഷോത്തമൻ വനിത കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയപ്രസാദിനോട് കമീഷന് മുമ്പാകെ ഹാജരാകാൻ ഉത്തരവിട്ടിരുന്നു. രണ്ടുതവണ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഹാജരായില്ല. ഇതിനു പിന്നാലെ അദ്ദേഹം വനിത കമീഷൻ തുടർനടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകുകയായിരുന്നു.
2021 ഫെബ്രുവരി 12ന് വാഴ്സിറ്റിയിൽ നടന്ന ഫാക്കൽറ്റി യോഗത്തിലാണ് പരാതിക്കിടയാക്കിയ സംഭവം. എം.എ പ്രവേശനത്തിന് ജയപ്രസാദ് ഏകപക്ഷീയമായി ഉണ്ടാക്കിയ മാനദണ്ഡം മാറ്റണമെന്ന് ഫാക്കൽറ്റി അംഗങ്ങളായ ഡോ. ഉമപുരുഷോത്തമൻ, പ്രഫ. എം.എസ്. ജോൺ, ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവർ ആവശ്യപ്പെട്ടു. ഇതിലുണ്ടായ അസഹിഷ്ണുതയാണ് ഉമക്കും മറ്റുള്ളവർക്കുമെതിരെയുണ്ടായ വധഭീഷണി. 'പാണ്ടിലോറി കയറിയും ആളുകൾ മരിക്കാറുണ്ടെ'ന്നും ശാരീരികമായി നേരിടുമെന്നും ജയപ്രസാദ് ഭീഷണിപ്പെടുത്തിയതായി ഡോ. ഉമ പരാതിയിൽ പറയുന്നു.
തൊഴിലിടത്ത് സ്ത്രീകൾക്കെതിരെയുണ്ടാകുന്ന പീഡനങ്ങളിൽ നിയമപരമായ ഇടപെടൽ അപൂർവമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതിനിടയിൽ ഉമപുരുഷോത്തമനോട് വനിത കമീഷനിൽ നൽകിയ പരാതി പിൻവലിപ്പിക്കാനും നീക്കംനടത്തുന്നതായി ആരോപണമുണ്ട്. വാഴ്സിറ്റി ഉന്നതവൃത്തങ്ങൾതന്നെ മുൻകൈയെടുത്ത് നടത്തുന്ന നീക്കവും നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.