കാസർകോട്: 'പറഞ്ഞതനുസരിച്ചില്ലെങ്കിൽ പാണ്ടിലോറി കയറി മരിക്കു'മെന്ന് വകുപ്പുമേധാവി പറഞ്ഞതായും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് കേന്ദ്ര വാഴ്സിറ്റി അസി. പ്രഫസർ വനിത കമീഷനുമുന്നിൽ. കേന്ദ്ര സർവകലാശാല മുൻ പി.വി.സിയും നിലവിൽ ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം മേധാവിയുമായ ഡോ. കെ. ജയപ്രസാദാണ് വധഭീഷണി മുഴക്കിയതെന്നുകാണിച്ച് അതേ വകുപ്പിലെ അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമനാണ് പരാതിയുമായി വനിത കമീഷനു മുന്നിലെത്തിയത്. ഇന്ന് വനിത കമീഷനു മുന്നിൽ ഹാജരാകാൻ ഡോ. കെ. ജയപ്രസാദിനു നിർദേശം നൽകിയിരുന്നുവെങ്കിലും അദ്ദേഹം അവധിയെടുത്തു. കമീഷനു മുമ്പാകെ ഹാജരായ ഉമ പുരുഷോത്തമൻ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ മൊഴിയിലും ആവർത്തിച്ചു. അടുത്ത സിറ്റിങ്ങിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് ജയപ്രസാദിന് സമൻസ് അയക്കുമെന്ന് കമീഷൻ അറിയിച്ചു.
2021 ഫെബ്രുവരി 12ന് േചർന്ന ഇൻറർ നാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഫാക്കൽറ്റി യോഗത്തിലാണ് സംഭവം. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് പശ്ചാത്തലമുള്ള വിദ്യാർഥികൾക്ക് ഇൻറർ നാഷനൽ പൊളിറ്റിക്സ് എം.എ പ്രവേശനം നൽകേണ്ടതില്ലെന്ന് വകുപ്പു മേധാവിയായ ജയപ്രസാദ് നിർദേശംെവച്ചു. ഈ നിർദേശം അംഗീകരിക്കണമെന്നും അദ്ദേഹം ശഠിച്ചു. ഇത്തരം മാനദണ്ഡംവഴി നിരവധി വിദ്യാർഥികൾക്ക് കോഴ്സ് അപ്രാപ്യമാകുമെന്ന് ഉമ പുരുഷോത്തമൻ, പ്രഫ. എം.എസ്. ജോൺ, ഡോ. ഗിൽബർട്ട് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. എതിർപ്പിൽ അസഹിഷ്ണുവായ അദ്ദേഹം 'വകുപ്പിൽ വിഭാഗീയതയുണ്ടാക്കിയാൽ ശാരീരികമായി നേരിടുമെന്നും പാണ്ടിലോറി കയറിയും ആളുകൾ മരിക്കാറുണ്ടെന്നും'ഭീഷണിപ്പെടുത്തി. ജയപ്രസാദ് രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും തനിക്ക് ജീവനിൽ ഭയമുണ്ടെന്നും ഉമ പുരുഷോത്തമൻ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.