കാഞ്ഞങ്ങാട്: പൊലീസിന്റെയും വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരന്മാരുടെ കണ്ണുവെട്ടിക്കാന്‍ പുതുവഴികള്‍ തേടി മയക്കുമരുന്ന് സംഘങ്ങള്‍ . തുടർച്ചയായി പിടിവീണതോടെ ഡിജിറ്റലായിരിക്കുകയാണ് മയക്കുമരുന്ന് സംഘങ്ങൾ. വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കച്ചവടം നടത്തുന്നത് പൊലീസിന്റെ പിടിവീഴുന്നതിൽനിന്ന് കുറച്ചെങ്കിലും രക്ഷകിട്ടുമെന്നതാണ് സംഘങ്ങള്‍ ഡിജിറ്റൽ വിദ്യ ഉപയോഗപ്പെടുത്താൻ കാരണം.
ഗൂഗ്ള്‍ പേയും ഗൂഗ്ള്‍ മാപ്പും മയക്കുമരുന്ന് സംഘം ഉപയോഗിക്കുന്നുണ്ട്. പൊലീസിന് വിവരം ചോര്‍ത്തിനല്‍കുന്ന ആളുകളിൽനിന്ന് രക്ഷപ്പെടാൻ ഡിജിറ്റൽ സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ് ലഹരിക്കകടത്ത് സംഘം.
ഒപ്പമുള്ളവരുടെ ചതി മൂലമാണ് മിക്ക കേസുകളിലും പിടിവീഴാൻ കാരണമെന്ന തിരിച്ചറിവ് കടത്തു സംഘത്തിനുണ്ടായിട്ടുണ്ട്. ഗൂഗിള്‍ പേ വഴി പണം ഈടാക്കുകയും നിശ്ചിത സ്ഥലത്ത് സാധനങ്ങൾ എത്തിച്ച് ഗൂഗ്ൾ മാപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ നെറ്റ്വർക്ക് വഴിയും വിവരം നൽകും.
ഇതനുസരിച്ച് സാധനം ആവശ്യക്കാർ ശേഖരിക്കും. ഇങ്ങനെ മയക്കുമരുന്ന് സംഘങ്ങള്‍ പൊലീസിനെയും വിവരം ചോര്‍ത്തി നല്കുന്നവരുടെയും കണ്ണുവെട്ടിച്ചുള്ള കച്ചവടം തുടങ്ങിയിരിക്കുന്നു. വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഇത്തരത്തില്‍ മയക്കുമരുന്ന് സംഘങ്ങള്‍ പുതിയ കച്ചവടം നടത്തുമ്പോൾ പൊലീസ് ഇത് തിരിച്ചറിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സ്ഥിരം മയക്കുമരുന്ന് കടത്തുകാർ പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിപ്പുറം മയക്കുമരുന്ന് സംഘം ജില്ലയിൽ സജീവമായതായാണ് കാണുന്നത്. എം.ഡി.എം.എ - കഞ്ചാവ് കേസുകൾ വീണ്ടും വർധിച്ചത് മയക്കുമരുന്ന് സംഘം പിടി മുറുക്കിയതിന്റെ സൂചനയാണ് നൽകുന്നത്.
എം.ഡി.എം.എ - കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നൂറു കണക്കിന് ചെറുപ്പക്കാരെ പൊലീസ് പിടികൂടുകയുണ്ടായി. ഹോസ്ദുർഗ്, ബേക്കൽ, ചന്തേര പൊലീസിലുൾപ്പെടെ ഇത്തരം കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.