പെരിയ: വിദ്യാഭ്യാസം സാമൂഹിക പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യവും ശാക്തീകരണവും സമ്പന്നതയുമാണ് വിദ്യാഭ്യാസം. സ്ത്രീകളുടെ വിദ്യാഭ്യാസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് പ്രഫ. കെ.സി. ബൈജു, കണ്ട്രോളര് ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്. ജയപ്രകാശ്, സംസാരിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2023ല്‍ പഠനം പൂര്‍ത്തിയാക്കിയ 957 വിദ്യാര്‍ഥികള്‍ക്ക് ബിരുദദാനം നടത്തി. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്.ഡി ബിരുദവും 16 പേര്‍ക്ക് പിജി ഡിപ്ലോമ ബിരുദവും നല്കി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് വേദിയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തത്. വെള്ള നിറത്തിലുള്ള വേഷത്തിന് പുറമെ വിവിധ നിറങ്ങളിലുള്ള ഷാളുകളും ചടങ്ങിന് മിഴിവേകി.
ബിരുദദാന ചടങ്ങില്‍ സര്‍വകലാശാലക്ക് അപ്രതീക്ഷിത സമ്മാനമായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. സര്‍വകലശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ പ്രഫ. ജാന്‍സി ജെയിംസിനും മികച്ച വിദ്യാര്‍ഥി, മികച്ച അധ്യാപകര്‍, മികച്ച ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലായി ബംഗാള്‍ രാജ്ഭവന് നല്കുന്ന നാല് അവാര്‍ഡുകളാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ആദ്യ വൈസ് ചാന്‍സലര്‍ക്കുള്ള അവാര്‍ഡിന് 50000 രൂപയും ഫലകവും പ്രശസ്തി പത്രവും നല്‍കും. മറ്റുള്ളവക്ക് 25000 രൂപയും ഫലകവും പ്രശസ്തി പത്രവും. അവാര്‍ഡിന് അര്‍ഹരാവുന്നവരെ പിന്നീട് ജൂറി തീരുമാനിക്കും. ഗവര്‍ണറുടെ എ.ഡി.സി മേജര്‍ നിഖില്‍ കുമാറാണ് വേദിയില്‍ പ്രഖ്യാപനം നടത്തിയത്. കാസര്‍കോടിന്റെ സബ്കലക്ടറായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചതെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. ആദ്യമായാണ് കേരള കേന്ദ്ര സര്‍വകലാശാല സന്ദര്‍ശിക്കുന്നത്. എന്നാല്‍, പ്രഫ. ജാന്‍സി ജെയിംസ് ഇതിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു.
കേന്ദ്ര സര്‍വകലശാലയിലെ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള ഗോള്‍ഡ് മെഡല്‍ ഗവര്‍ണര്‍ സമ്മാനിച്ചു. അഖില കെ.വി (കോമേഴ്സ് ആൻഡ് ഇന്റര്‍നാഷനല്‍ ബിസിനസ്), എ.എസ്. അമൃത(മാനേജ്മെന്റ് സ്റ്റഡീസ്), കെ. അനുഷ(മാത്തമാറ്റിക്സ്) എന്നീ വിദ്യാര്‍ഥികളാണ് മെഡലിന് അര്‍ഹരായത്. വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ഏര്‍പ്പെടുത്തിയ ഗോള്‍ഡ് മെഡല്‍ വരും വര്‍ഷങ്ങളില്‍ മുഴുവന്‍ പഠന വകുപ്പുകളിലും നല്‍കുന്നതിനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.