കാസർകോട്: ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രമാണ് ബി.ജെ.പിയിലെ പൊട്ടിത്തെറിയെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലുമെല്ലാം അധികാരസ്ഥാനങ്ങൾക്കുവേണ്ടി ഇരു പാർട്ടികളും തമ്മിൽ രഹസ്യ കരാറുകൾ ഉണ്ടാക്കിയിരുന്നു.
അധികാരത്തിനും പണത്തിനും വേണ്ടിയുള്ള പരസ്പര ധാരണയിൽ മദ്യ-മയക്കുമരുന്ന് -ഗുണ്ടാ മാഫിയകളും കൈകോർത്തിരുന്നു. അധികാരത്തിനുവേണ്ടി ആദർശം വലിച്ചെറിയുന്ന സി.പി.എമ്മും ബി.ജെ.പിയും സത്യം തുറന്നുപറഞ്ഞ് മാപ്പുപറയണം. മറ്റുള്ളവരെ 'കോ-ലീ-ബി'യെന്ന് അധിക്ഷേപിക്കുന്ന സി.പി.എം, അധികാരത്തിനും സ്ഥാനമാനങ്ങൾക്കും പണത്തിനുംവേണ്ടി ചെങ്കൊടി ആർ.എസ്.എസിന്റെ കാൽക്കീഴിൽ പരവതാനിയാക്കി മാറ്റുകയാണ്.
ഇതൊന്നും അണികൾ അധികകാലം സഹിക്കില്ല എന്നതിന്റെ തെളിവാണ് ബി.ജെ.പി ഓഫിസ് സ്വന്തം പ്രവർത്തകർ ഉപരോധിച്ച് താഴിട്ടുപൂട്ടിയത്. രണ്ട് പാർട്ടികളാണെങ്കിലും ഒരുമെയ്യായി പ്രവർത്തിക്കുന്ന സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ട് ഓഫിസുകളുടെ ആവശ്യമുണ്ടോ എന്ന് ഇരു പാർട്ടികളുടെയും നേതൃത്വം പരിശോധിക്കണമെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ വോട്ടുമറിക്കാൻ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽനിന്നും അടുത്തകാലത്ത് സി.പി.എമ്മിൽ ചേക്കേറിയവർ പണം കൈപ്പറ്റിയ കഥകൾ ഇപ്പോഴും അങ്ങാടിപ്പാട്ടാണെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.