കാസർകോട്: കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസിന്റെ മൃതദേഹം പത്ത് ദിവസത്തിനൊടുവിൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽനിന്ന് കണ്ടെത്തി. തിങ്കളാഴ്ച 12.45ഓടെയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്. പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളടങ്ങിയ കുടുംബം കഴിഞ്ഞ പത്ത് നാളായി റിയാസിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കടലിൽ തിരച്ചിൽ നടത്തിയെങ്കിലും റിയാസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ആഗസ്റ്റ് 31ന് പുലർച്ച കീഴൂർ ചെറുതുറമുഖത്തിന് സമീപമാണ് റിയാസിനെ കാണാതാവുന്നത്. നാട്ടിലെത്തിയാൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് ഹോബിയായി കൊണ്ടുനടന്ന ചെറുപ്പക്കാരനായിരുന്നു റിയാസ്. പതിവുശീലം മാറ്റാതെ സെപ്റ്റംബർ 31ന് പുലർച്ചയും ചൂണ്ടയിട്ട് മീൻ പിടിക്കാൻ പോയതായിരുന്നു. കീഴൂരിലെ തുറമുഖത്തിനടുത്ത് ഇദ്ദേഹത്തിന്റെ സ്കൂട്ടറും മറ്റ് സാധനസാമഗ്രികളും കണ്ടെത്തിയിരുന്നു. ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാണെന്നായിരുന്നു നിഗമനം. ഷിരൂർ മാതൃകയിലായിരുന്നു ആദ്യം മുതലേ തിരച്ചിൽ നടത്തിയിരുന്നത്. തിങ്കളാഴ്ച കോസ്റ്റ് ഗാർഡ് ബേപ്പൂരിലെ ഡോർണിയർ വിമാനമടക്കമെത്തിച്ച് തിരച്ചിൽ നടത്തിയിരുന്നു.
കാണാതായിട്ട് നാലുദിവസം കഴിഞ്ഞ് എം.എൽ.എമാരുടേയും ജനപ്രതിനിധികളുടേയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ നാലിന് ബുധനാഴ്ച ഉച്ചയോടെ കർണാടകയിൽനിന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ എത്തി റിയാസിനെ കാണാതായെന്ന് പറയുന്ന പ്രദേശത്ത് വൈകീട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ഇതിനിടെ, തിരച്ചിലിന് വേഗം പോരാ എന്നാരോപിച്ച് റിയാസിന്റെ കുടുംബവും സുഹൃത്തുക്കളും റോഡ് ഉപരോധമടക്കം പ്രതിഷേധങ്ങളും നടത്തി. എന്നാൽ, റിയാസിനെ കണ്ടെത്താനുള്ള ശ്രമം മാത്രം നീണ്ടു. അതിനിടെ, തിരച്ചിലിൽ തൃപ്തിയില്ലാത്തതിനാൽ ജില്ലയിലെത്തിയ മന്ത്രി എം.ബി. രാജേഷിന് എം.എൽ.എയുടെ നേതൃത്വത്തിൽ നിവേദനവും നൽകിയിരുന്നു.
പിന്നീട്, തിരച്ചിൽ കാസർകോട്ടെ തീരപ്രദേശത്തുനിന്ന് മാറി കോഴിക്കോടും കൊയിലാണ്ടിയും ബേപ്പൂരും കേന്ദ്രീകരിച്ച് നടത്തിയെങ്കിലും പത്താം ദിവസവും ശുഭകരമായ വാർത്തയൊന്നും കിട്ടിയിരുന്നില്ല. ഒടുവിലാണ് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ മൃതദേഹം കണ്ടതിനെ തുടർന്ന് ബന്ധുക്കൾ ഞായറാഴ്ച വൈകീട്ട് അവിടേക്ക് പുറപ്പെട്ടത്. ഞായറാഴ്ച കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടത്തിയിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും അവിടെയായിരുന്നു. സെപ്റ്റംബർ 15ന് തിരിച്ച് വിദേശത്തേക്ക് പോകാനിരിക്കെയായിരുന്നു റിയാസിനെ കാണാതായത്. കൊടുങ്ങല്ലൂരിലെത്തി മുഹമ്മദ് റിയാസിന്റെ ജ്യേഷ്ഠനും ബന്ധുക്കളുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടിക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.