കാസർകോട്: ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വിജയത്തിന് റെയില്‍വേ ഭൂമി വാഹന പാർക്കിങ് സൗകര്യത്തിന് ലഭ്യമാക്കുന്നതുള്‍പ്പെടെ പൂര്‍ണ സഹകരണം നല്‍കുമെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി സംഘാടക സമിതി ഭാരവാഹികളെ അറിയിച്ചു.
ഫെസ്റ്റ് സംഘാടക സമിതി ചെയര്മാന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഡിവിഷനല്‍ മാനേജറുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ബേക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേയുടെ ഒഴിഞ്ഞ ഭൂമി പൂർണമായും വാഹന പാർക്കിങ്ങിന് ഉപയോഗിക്കാന്‍ അനുമതി നല്‍കും. ഫെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ ട്രെയ്നുകള്‍ വേഗത കുറച്ച് വിസില്‍ വാണിങ് നല്‍കും. ചില ട്രെയ്നുകള്‍ക്ക് ബേക്കലില്‍ അഡീഷനല്‍ സ്റ്റോപ്പേജ് പരിഗണിക്കും. ഇതിനായി ദക്ഷിണ റയില്‍വേ ജനറല്‍ മാനേജറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഫെസ്റ്റിവല്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് റെയില്‍വേ നടപ്പാലം ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍, അനധികൃതമായി റയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നത് പാടില്ലെന്നും അംഗീകൃത വഴികള്‍ ഈ കാര്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും പാലക്കാട് റയില്‍വേ ഡിവിഷന് മാനേജര്‍ അരുൺ കുമാർ ചതുർവേദി അറിയിച്ചു. കാര്യാലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബി.ആര്.ഡി.സി മാനേജിങ് ഡയറക്ടര്‍ ഷിജിന് പറമ്പത്തും കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.